ഞായറാഴ്ച പ്രവൃത്തിദിനമാക്കിമാറ്റുന്ന സര്‍ക്കാര്‍ പ്രവണതയ്‌ക്കെതിരെ കെസിബിസി. അവധി ദിനങ്ങള്‍ നിര്‍ബന്ധിത പ്രവൃത്തിദിനങ്ങളാക്കിക്കൊണ്ട് മനുഷ്യാവകാശങ്ങളിലേക്ക് കടന്നുകയറ്റമാണ് നടത്തുന്നതെന്ന് കെസിബിസി ജാഗ്രത കമ്മീഷന്‍ സെക്രട്ടറി ഫാ. മൈക്കിള്‍ പുളിക്കലും വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറി ഫാ. ആന്റണിയും പുറപ്പെടുവിച്ച സംയുക്തപ്രസ്താവനയില്‍ പറഞ്ഞു.
വിദ്യാഭ്യാസവകുപ്പിന്റെ ലിറ്റില്‍ കൈറ്റ്‌സ് പദ്ധതി പ്രശംസാര്‍ഹമാണെങ്കിലും ഞായറാഴ്ചകള്‍ അതിനായി നിശ്ചയിച്ചത് ആശാസ്യമല്ലെന്നും നവംബര്‍ 17 ഞായറാഴ്ച സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേളയും 2022 ഒക്ടോബര്‍ രണ്ട് ഞായറാഴ്ച അപ്രതീക്ഷിതമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രവൃത്തി ദിനമായും പ്രഖ്യാപിക്കുകയും ചെയ്തതായും പ്രസ്താവന വ്യക്തമാക്കി.
മുന്‍ കാലങ്ങളില്‍ മേളകള്‍, കലോത്സവങ്ങള്‍ പരിശീലന പരിപാടികള്‍ തുടങ്ങിയവയ്ക്കിടയില്‍ വരുന്ന ഞായറാഴ്ചകളില്‍ അവധി നല്‍കിയിരുന്നു. പഠനത്തിന്റെ ഭാഗംതന്നെയായ പാഠ്യപാഠ്യേതര ക്യാമ്പുകളും പരിശീലന പരിപാടികളും മറ്റും അധ്യയനദിവസങ്ങളില്‍തന്നെ ക്രമീകരിക്കുന്ന നയം സര്‍ക്കാര്‍ സ്വീകരിക്കണമെന്നും അതിനു വേണ്ട നിര്‍ദേശങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് സര്‍ക്കാര്‍ നല്‍കണമെന്നും പ്രസ്താവന ആവശ്യപ്പെട്ടു.