വത്തിക്കാന്‍-ചൈന സഖ്യത്തിന് ശേഷം കത്തോലിക്കാ മതപീഡനം രൂക്ഷമായെന്ന് റിപ്പോര്‍ട്ട്

വാഷിംങ്ടണ്‍:വത്തിക്കാന്‍-ചൈന സഖ്യത്തിന് ശേഷം കത്തോലിക്കാ മതപീഡനം രൂക്ഷമായെന്ന് റിപ്പോര്‍ട്ട്. മുന്‍വര്‍ഷങ്ങളിലേതിനെക്കാള്‍ മനുഷ്യാവകാശങ്ങള്‍ കഴിഞ്ഞവര്‍ഷം ധ്വംസിക്കപ്പെട്ടതായും നിരീക്ഷണമുണ്ട്.

ചൈനയിലെ കത്തോലിക്കര്‍ കൂടുതലായി മതപീഡനങ്ങളിലൂടെ കടന്നുപോകുകയും ചെയ്തു. യുഎസ് ഗവണ്‍മെന്റിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പരാമര്‍ശിച്ചിരിക്കുന്നത്. ക്രൂരമായ മതപീഡനങ്ങള്‍ക്കാണ് ചൈനയില്‍ ഇക്കാലയളവില്‍ ക്രൈസ്തവര്‍ ഇരകളായി മാറിയത്. ഗവണ്‍മെന്റില്‍ രജിസ്ട്രര്‍ ചെയ്യാത്ത എല്ലാ സഭാവിഭാഗങ്ങളും മതവിഭാഗങ്ങളും സമാനമായ അവസ്ഥയാണ് അഭിമുഖീകരിക്കുന്നത്.

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പഞ്ചവത്സരപദ്ധതിയുടെ ലക്ഷ്യം തന്നെ മതത്തിന്റെ മീതെ സ്റ്റേറ്റിന് പിടി മുറുക്കുക എന്നതാണ്. പണ്ഡിതരും അന്തര്‍ദ്ദേശീയ മനുഷ്യവകാശ സംഘടനകളും അഭിപ്രായപ്പെടുന്നത് ചൈനയിലെ മതപീഡനം കഴിഞ്ഞവര്‍ഷങ്ങളില്‍ അതിന്റെ മൂര്‍ദ്ധന്യത്തില്‍ എത്തിയെന്നാണ്. മതത്തിന്റെ പേരില്‍ കര്‍ശനനിലപാടുകള്‍ ചൈന എടുത്തുതുടങ്ങിയതായി പുതുവര്‍ഷത്തിലെ സൂചനകള്‍ വ്യക്തമാക്കുന്നു.

ചൈനയില്‍ കത്തോലിക്കാ മെത്രാന്മാരെ വാഴിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു വത്തിക്കാന്‍-ചൈന ഉടമ്പടി നിലവില്‍ വന്നത്. രണ്ടുതരം സഭകളാണ് ചൈനയിലുള്ളത്. അണ്ടര്‍ ഗ്രൗണ്ട് സഭകള്‍ വത്തിക്കാനുമായി ബനധപ്പെട്ട് പ്രവര്‍ത്തിക്കുമ്പോള്‍ ചൈനീസ് കാത്തലിക് പാട്രിയോട്ടിക് അസോസിയേഷന്‍ ഭരണകൂടത്തിന്റെ ഇംഗിതമനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.

അണ്ടര്‍ഗ്രൗണ്ട് സഭകളിലെ വിശ്വാസികള്‍ വത്തിക്കാന്‍-ചൈന സഖ്യത്തിന് ശേഷവും കഠിനമായ പീഡനങ്ങളാണ് അഭിമുഖീകരിക്കുന്നത്. വത്തിക്കാന്‍ ചൈന സഖ്യത്തെ വിമര്‍ശിച്ചുകൊണ്ട് ചില കര്‍ദിനാള്‍മാരും രംഗത്തെത്തിയിരുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.