ബാഗ്ദാദ്: ഐഎസ് തകര്‍ത്ത ദേവാലയങ്ങള്‍ പുന:നിര്‍മ്മിച്ച് ക്രൈസ്തവരെ തങ്ങളുടെ രാജ്യത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുകയാണ് ഇറാക്കിലെ മുസ്ലീമുകള്‍. ഐഎസ് ഐഎസ് തകര്‍ത്ത മൊസൂളിലെ സെന്റ് തോമസ് ദേവാലയത്തിന്റെ ശുദ്ധീകരണപ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈ എടുത്ത് പ്രവര്‍ത്തിക്കുന്നത് മുസ്ലീം സന്നദ്ധസംഘടനയാണ്.
ഞങ്ങളുടെ ഈ പ്രവൃത്തി ഒരു സന്ദേശമാണ്, ക്രൈസ്തവരേ നിങ്ങള്‍ തിരികെ വരണമെന്ന സന്ദേശമാണ് ഇത് നല്‍കുന്നത്. മൊസൂള്‍ നിങ്ങളെ കൂടാതെ ഒരിക്കലും പരിപൂര്‍ണ്ണമായിരിക്കുകയില്ല. ക്രൈസ്തവര്‍ ഇവിടെ ഉണ്ടാകണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. അവര്‍ക്ക് ഇവിടെ പുരാതനമായ ചരിത്രമുണ്ട്. വോളന്റിയര്‍ ഗ്രൂപ്പിന്റെ സഹസ്ഥാപകനായ മുഹമ്മദ് ഇസാം പറയുന്നു.
മൊസൂളും നിനവെ പ്ലെയ്നും സാവധാനമാണെങ്കിലും പുതിയൊരു ജനനത്തിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. വര്‍ഷങ്ങളായി നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങള്‍ ഏല്പിച്ച ആഘാതങ്ങളില്‍ നിന്ന് അവര്‍ മോചനം നേടിക്കൊണ്ടിരിക്കുകയാണ്. പൊന്തിഫിക്കല്‍ ഫോറിന് മിഷന് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഫാ. പോള്‍ മെക്കോ പറയുന്നു.
ക്രൈസ്തവര്‍ തിരികെ വരണമെന്നാണ് മുസ്ലീമുകള്‍ ആഗ്രഹിക്കുന്നത്. കൂടുതലും ചെറുപ്പക്കാരാണ് ഇത്തരമൊരു മുന്നേറ്റത്തിന് രൂപം കൊടുത്തിരിക്കുന്നത്. ക്രിയാത്മകമായ ഫലങ്ങള്‍ ഇവരുടെ പ്രവര്‍ത്തനം വഴി വരുംകാലങ്ങളില്‍ ഉണ്ടാകുമെന്ന്തന്നെ പ്രതീക്ഷിക്കാം. ഫാ. മെക്കോ പറയുന്നു.