വാഷിംങ്ടണ്‍: ഫാത്തിമാ മാതാവിന്റെ തിരുനാള്‍ ദിനമായ മെയ് 13 ന് അമേരിക്കയ്ക്കുവേണ്ടി ഉപവസിച്ചുജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാന്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ കത്തോലിക്കാ മെത്രാന്മാരുടെ സംഘം വിശ്വാസികളോട് ആവശ്യപ്പെട്ടു. അബോര്‍ഷന്‍ സംബന്ധിച്ച സുപ്രീം കോടതിയുടെ ഡ്രാഫ്റ്റ് ചോര്‍ന്നതുമായി ബന്ധപ്പെട്ട് അമേരിക്കയിലുടനീളം ഉണ്ടായിക്കൊണ്ടിരിക്കുന്ന അക്രമ്പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതിന് വേണ്ടിയാണ് ഉപവാസപ്രാര്‍ത്ഥനാദിനം ആചരിക്കുന്നത്. പ്രോ അബോര്‍ഷന്‍ ആക്ടിവിസ്റ്റുകള്‍ ദേവാലയങ്ങളില്‍ കടന്നുകയറി വിശുദ്ധകുര്‍ബാനയ്ക്ക് തടസ്സംസൃഷ്ടിക്കുകയും ദിവ്യകാരുണ്യം കത്തിക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തിട്ടുണ്ട്. പലദേവാലയങ്ങള്‍ക്ക് നേരെയും ആക്രമണം നടന്നുകഴിഞ്ഞു. അബോര്‍ഷന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ ദേവാലയചുവരുകളില്‍ ഇടംപിടിച്ചിട്ടുമുണ്ട്. രാജ്യത്തിന് വേണ്ടി , പാപികളുടെ മാനസാന്തരത്തിന് വേണ്ടി, അമേരിക്കയുടെ പുനനിര്‍മ്മിതിക്കുവേണ്ടി തുടങ്ങിയവയാണ് പ്രാര്‍ത്ഥനാനിയോഗങ്ങള്‍.