അന്ന് അതിരാവിലെ തന്റെ സന്തതസഹചാരിയായ സഹോദരൻ ലിയോയോടൊപ്പം അസ്സീസിയിലെ ഫ്രാൻസീസ് ഭിക്ഷാടനത്തിനായി ഇറങ്ങിത്തിരിച്ചു. പകലന്തിയോളം അലഞ്ഞിട്ട് ആകെ കിട്ടിയത് ഒരു പാതിറൊട്ടിയാണ്. ഇതുകൊണ്ടെന്താകാൻ ? ലിയോ ആകെ അസ്വസ്ഥനായി.
എന്നാൽ മറുവശത്ത് ഫ്രാൻസിസ് അന്നേ ദിവസം ഭിക്ഷയായി കിട്ടിയ പാതിറൊട്ടിയും കയ്യിൽ ഉയർത്തിപ്പിടിച്ച് ദൈവത്തെ പാടി സ്തുതിക്കാൻ ആരംഭിച്ചു. ഈ കാഴ്ചകണ്ട് അസ്വസ്ഥനായ ലിയോ, ഫ്രാൻസീസിനോട് ദേഷ്യത്തോടെ ചോദിച്ചു, എന്തേ ഇത്രമാത്രം ആനന്ദിക്കാനായുള്ളത്? ഒരാളുടെ പോലും വിശപ്പു മാറ്റാനില്ലാത്ത ഈ റൊട്ടിക്കഷണമോർത്താണോ ഈ ആടലും പാടലുമൊക്കെ?
ശാന്തതയോടെ ഫ്രാൻസീസ് മറുപടിയായി ഇത്രമാത്രം പറഞ്ഞു: “സഹോദരാ നമ്മുടെ വിശപ്പകറ്റാൻ ഈ റൊട്ടിക്കഷണം, ഇരുന്നു ഭക്ഷിക്കാൻ നമ്മുടെ മുൻപിൽ വിശാലമായ ഈ പാറയും ദാഹമകറ്റാനായി ശാന്തമായൊഴുകുന്ന ഈ തെളിനീരും. ഇതിലധികമെന്തു വേണം നമുക്ക് ദൈവത്തെ പാടിസ്തുതിക്കാൻ ”ഇതുകേട്ടപ്പോൾ ലിയോയുടെ കണ്ണുകള് നിറഞ്ഞൊഴുകുകയായിരുന്നു.
ആഗോള കത്തോലിക്കാ സഭയിൽ ഇന്നലെ നാം മരിച്ച വിശ്വാസികളെ പ്രത്യേകമായി അനുസ്മരിച്ചു. അവരുടെ ഓർമ്മകൾ അയവിറക്കി, സാധിക്കുന്ന ഇടങ്ങളിൽ അവരുടെ കബറിടങ്ങളിൽ ചെന്ന് പ്രാർത്ഥിച്ചു. ഇവിടെ ഒരു ചിന്തപങ്കുവയ്ക്കാമെന്ന് തോന്നുന്നു
.ഭക്ഷണം കിട്ടാതെയാണ് അനേകർ മരണമടഞ്ഞിട്ടുള്ളതും മരണമടയുന്നതും എന്ന് കാലങ്ങളായി നാം കേട്ടുകൊണ്ടിരിക്കുന്നു. ഇതിൽ ക്രിസ്തുവിശ്വാസികളും ഏറെയുണ്ട് എന്നത് എന്നെ അസ്വസ്ഥനാക്കുന്നു. എന്നാൽ യാതൊരുവിധ ബുദ്ധിമുട്ടുമില്ലാതെ ഭക്ഷണം കളയുന്ന പ്രവണത ഇന്ന് കൂടിവരികയാണ്.
മുകളിൽ വിവരിച്ച ഫ്രാൻസീസിന്റെ ജീവിതത്തിലെ ഈ അനുഭവം സാഘോഷം പ്രഘോഷിക്കുന്നവരായ ഞങ്ങൾക്കുപോലും ഭക്ഷണം പാഴാക്കുന്നതിൽ യാതൊരു വിധത്തിലുമുള്ള വിഷമം തോന്നിക്കുന്നില്ല. ഭക്ഷണം പാഴാക്കുന്നത് ഒരു മോശം കാര്യമല്ലാതായി തീർന്നിരിക്കുന്നു എന്ന് പറയേണ്ടി വരുന്നതിൽ സങ്കടമുണ്ട്.
ഞാൻ പാഴാക്കുന്ന ഓരോ വറ്റ് ചോറും (ഏതൊരു ഭക്ഷണവും) മറ്റൊരാളുടെ മരണത്തിന് കാരണമാകുന്നു എന്ന ബോധോദയം കിട്ടിയാൽ അതെത്രയോപേർക്ക് ജീവൻ നൽകുന്നതിന് കാരണമാകും.
അസ്സീസിയിലെ ഫ്രാൻസീസ് ഭിക്ഷാടനം നടത്തിയപ്പോൾ ലഭിച്ചത് മിക്കവാറും ആരെങ്കിലും കളയാൻ വച്ചിരുന്ന റൊട്ടിക്കഷണമായിരുന്നിരിക്കാം. എന്നാൽ വിശന്നുവലഞ്ഞ ഫ്രാൻസീസിനും ലിയോയ്ക്കും അവരുടെ ജീവൻ നിലനിർത്താനും യാത്ര തുടരാനും ദൈവത്തെ മഹത്വപ്പെടുത്താനും അത് മതിയായിരുന്നു.
2016 ൽ മാതൃഭൂമി ആഴ്ചപതിപ്പിൽ സന്തോഷ് എച്ചിക്കാനം എഴുതിയ ബിരിയാണിയെന്ന ചെറുകഥ വായിച്ചപ്പോൾ എന്റെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു. ബസ്മതി അരികൊണ്ടുണ്ടാക്കി ബാക്കിവന്ന ബിരിയാണി കുഴിച്ചിടാൻ ചെന്ന നായകകഥാപാത്രത്തിന്റെ മകളുടെ പേര് ബസ്മതിയെന്നാണ്. വിശപ്പുകൊണ്ടാണ് ഈ മകൾ മരിക്കുന്നതെന്നും കഥ പറഞ്ഞുതരുന്നു. ഭക്ഷണം കുഴിച്ചുമൂടാൻ ചെല്ലുന്നയാൾക്ക് ഭക്ഷണം കിട്ടാതെ മരിച്ചുപോയ ഒരു മകളുണ്ടായിരുന്നു എന്നത് കഥ വായിച്ചുകഴിയുമ്പോഴും ഒരു നോവായി നിൽക്കുന്നു.
ഒരു വറ്റ് ചോറുപോലും കളയാൻ പാടില്ല എന്ന് എന്റെ അമ്മച്ചി പഠിപ്പിച്ച നല്ലപാഠം എന്റെ ഉള്ളിൽ ഇപ്പോഴും മിഴിവാർന്ന് നിൽക്കുന്നുണ്ട്. ഇതുപോലെ എത്രയോ നല്ല ഓർമ്മകളും നല്ല പാഠങ്ങളും പകർന്നുതന്നവരെയാണ് നാം ഈ ദിനങ്ങളില് അനുസ്മരിക്കുന്നത്. ഇനിയും നമ്മൾ സ്വന്തമാക്കേണ്ടതും നമ്മുടെ ജീവിതത്തിന് ഉതകുന്നതുമായ എത്രയോ കാര്യങ്ങൾ നമ്മുടെ മുൻപിൽ തെളിയുന്നുണ്ട്. പക്ഷെ അതൊന്നും നമ്മെ ഒരുവിധത്തിലും തൊടാതെ പോകുകയല്ലേ പതിവ്.
എല്ലാ മരിച്ചവർക്കും വേണ്ടി പ്രാർത്ഥനകൾ ഉയർത്തുന്നഈ ദിവസങ്ങളില് ഭക്ഷണം കിട്ടാതെ മരിച്ചുപോയിട്ടുള്ളവരെ നമുക്ക് പ്രത്യേകമായി ഓർമ്മിക്കാം.
ഇനിമുതൽ ഭക്ഷണം പാഴാക്കാതിരിക്കാൻ നമുക്ക് തീരുമാനമെടുക്കാൻ സാധിച്ചാൽ, ഒരാളുടെയെങ്കിലും ആയുസ് ഒരൽപമെങ്കിലും നീട്ടാൻ ഇതിലൂടെ എനിക്ക് സാധിക്കും, ഇത് വെറുതെ കിട്ടുന്ന ഒരു പുണ്യവുമാകും.
മരിച്ച വിശ്വാസികളുടെ ആത്മാക്കൾക്ക് നിത്യതയിൽ തമ്പുരാനോടൊപ്പം ചേരാൻ ഭാഗ്യമുണ്ടാകട്ടെ.
പോൾ കൊട്ടാരം കപ്പൂച്ചിൻ