വ്യാജമരിയന്‍ ഭക്തിക്കും ഭക്ത്യാഭ്യാസങ്ങള്‍ക്കുമെതിരെ വിശ്വാസികള്‍ക്ക് മുന്നറിയിപ്പുമായി ഹോചിമിന്‍ അതിരൂപത

ഹോചിമിന്‍: അതിരൂപതയില്‍ ഇപ്പോള്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന വ്യാജമരിയന്‍ ഭക്തിക്കും ഭക്ത്യാഭ്യാസങ്ങള്‍ക്കുമെതിരെ വിശ്വാസികള്‍ക്ക് മുന്നറിയിപ്പുമായി സഭാധികാരികള്‍. ഭൂതോച്ചാടനങ്ങള്‍, രോഗസൗഖ്യങ്ങള്‍, തിന്മയെ പുറത്താക്കല്‍ എന്നിങ്ങനെ പല രൂപത്തില്‍ സഭാ നിയമങ്ങള്‍ക്ക് വിരുദ്ധമായി ആളുകള്‍ ചെയ്യുന്ന ഭക്ത്യാഭ്യാസങ്ങളില്‍ കത്തോലിക്കരും അകത്തോലിക്കരുമായ നിരവധി പേര്‍ പങ്കെടുക്കുന്ന സാഹചര്യത്തിലാണ് രൂപതയ്ക്ക് മുന്നറിയിപ്പുമായി രംഗത്ത് ഇറങ്ങേണ്ടിവന്നത്.

മാതാവ് പ്രത്യക്ഷപ്പെട്ട് സന്ദേശം നല്കി, രോഗസൗഖ്യം നല്കി എന്നെല്ലാം അവകാശപ്പെടുന്ന അല്മായന്റെ ശുശ്രൂഷകള്‍ക്കെതിരെയും സഭാധികാരികള്‍ താക്കീത് നല്കിയിട്ടുണ്ട്. തോമസ് മേരി നാന്‍ഹ് വെയ്റ്റ് എന്ന വ്യക്തി അവകാശപ്പെടുന്നത് 2010 ല്‍ മാതാവ് തന്നെ സൗഖ്യപ്പെടുത്തിയെന്നാണ്. തുടര്‍ന്ന് മരിയന്‍ മൂവ്‌മെന്റിന് തന്നെ അദ്ദേഹം രൂപം നല്കി. ഇതിന്റെ പേരില്‍ തിന്മയെ പുറത്താക്കലും തലയില്‍ കൈവച്ചുള്ളപ്രാര്‍ത്ഥനകളും നടന്നുവരുന്നുണ്ട്.

ഭാവി അറിയാന്‍ വേണ്ടി ദര്‍ശനവരമുള്ളവരുടെ അടുക്കല്‍ പോകുക പോലെയുള്ള അന്ധവിശ്വാസങ്ങളില്‍ നിന്ന് വിശ്വാസികള്‍ അകന്നുനില്ക്കണമെന്നും തലയില്‍ കൈവച്ചു പ്രാര്‍ത്ഥിക്കാനും പിശാചുക്കളെ പുറത്താക്കാനും മുഖ്യരായ സഭാധികാരികളുടെ അടുക്കല്‍ മാത്രമേ പോകാവൂ എന്നും രൂപതയുടെ ഐക്യത്തിന് ഇത് അത്യാവശ്യമാണെന്നും ആര്‍ച്ച് ബിഷപ് ജോസഫ് ചിന്‍ഹ പുറപ്പെടുവിച്ച പ്രസ്താവനയില്‍ ഓര്‍മ്മിപ്പിക്കുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.