നിങ്ങള്‍ക്കുവേണ്ടി കരങ്ങളുയര്‍ത്തി പ്രാര്‍ത്ഥിക്കാന്‍ ഇവിടെ ഞങ്ങളുണ്ട്

  

 പ്രിയരേ,
എന്തുമാത്രം ആകുലതകളും വിഷമങ്ങളും കൊണ്ടാണ് നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലെ ഓരോ ദിനങ്ങളും കടന്നുപോകുന്നത്. രോഗത്തെക്കുറിച്ചുള്ള ആകുലതകള്‍..ഭാവിയെക്കുറിച്ചും മക്കളെക്കുറിച്ചുമുള്ള ഉത്കണ്ഠകള്‍, സാമ്പത്തിക ഭാരങ്ങള്‍, ജോലി നഷ്ടം, പ്രിയപ്പെട്ടവരില്‍ നിന്നുണ്ടാകുന്ന അവഗണനയും സ്‌നേഹരാഹിത്യവും.. ചില നേരങ്ങളില്‍ പ്രാര്‍ത്ഥിക്കാന്‍ പോലും കഴിയാത്ത  അവസ്ഥയും നമ്മുടെ ജീവിതത്തിലുണ്ടായിട്ടില്ലേ?
 ഇത്തരം അവസരങ്ങളില്‍ നാം ഒരിക്കലെങ്കിലും ആത്മാര്‍ത്ഥമായി ആഗ്രഹിച്ചുപോയിട്ടില്ലേ ഈവിഷമങ്ങളെല്ലാം പങ്കുവയ്ക്കാന്‍, അവയ്ക്കുവേണ്ടി പ്രാർത്ഥിക്കുവാൻ  ഒരാളെങ്കിലും ഉണ്ടായിരുന്നുവെങ്കിലെന്ന്.!

നമ്മള്‍ നമുക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതിനൊപ്പമോ ഒരുപക്ഷേ അതിനെക്കാളുമോ ശക്തിയുണ്ട് മറ്റൊരാള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നത്. മധ്യസ്ഥപ്രാര്‍ത്ഥനയുടെ ശക്തിയെക്കുറിച്ച് ബൈബിളിന്റെ താളുകളില്‍ വിവിധസ്ഥലങ്ങളില്‍ പ്രതിപാദിക്കുന്നുണ്ട്.  യുദ്ധ ംജയിക്കാന്‍ വേണ്ടി  ജോഷ്വാ  മാധ്യസ്ഥ പ്രാര്‍ത്ഥന നടത്തുമ്പോള്‍ ജോഷ്വായുടെ കരങ്ങള്‍ താണുപോകാതിരിക്കാനായി കരങ്ങള്‍ ഉയര്‍ത്തിപിടിക്കുന്നവരെക്കുറിച്ച് നാം വായിക്കുന്നുണ്ടല്ലോ( Exodus 17-10 )

മറ്റുളളവര്‍ക്കുവേണ്ടി കരങ്ങളുയര്‍ത്തി പ്രാര്‍ത്ഥിക്കാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നവരാണ് മധ്യസഥപ്രാര്‍ത്ഥന നടത്തുന്നവര്‍. കാനായിലെ കല്യാണവീട്ടില്‍ മാധ്യസ്ഥം പ്രാര്‍ത്ഥിക്കുന്ന പരിശുദ്ധ അമ്മയെ നാം കാണുന്നുണ്ടല്ലോ. അവര്‍ക്ക് വീഞ്ഞുതീര്‍ന്നുപോയി എന്ന് യേശുവിനോട് പറയുന്ന അമ്മ മധ്യസ്ഥപ്രാര്‍ത്ഥനയുടെ മികച്ച മാതൃകയാണ്.

പരിശുദ്ധ അമ്മയിലൂടെ സഭയോട് ചേര്‍ന്ന് എന്ന ആപ്തവാക്യത്തിലൂന്നി ദൈവികശുശ്രൂഷയിലേര്‍പ്പെട്ടിരിക്കുന്നവരാണ് ഇംഗ്ലണ്ടിലെ  എക്‌സിറ്റര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മരിയന്‍ മിനിസ്ട്രി. ചെറിയൊരു പ്രാര്‍ത്ഥനാകൂട്ടായ്മയായി ആരംഭിച്ച ഈ മിനിസ്ട്രി ഇന്ന് വിവിധ ശുശ്രൂഷകളിലൂടെ ദൈവാനുഗ്രഹത്താൽ വലിയതോതില്‍ വളര്‍ന്നുകഴിഞ്ഞു. ദൈവമേ  നന്ദി.

മരിയന്‍ മിനിസ്ട്രിയുടെ മാധ്യസ്ഥപ്രാര്‍ത്ഥനാ ടീം ഇപ്പോള്‍ മുമ്പെത്തെക്കാളും ഊര്‍ജ്ജ്വസ്വലമായി  പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ലോകമെങ്ങുമുള്ളവര്‍ക്കുവേണ്ടി ലോകത്തിന് വേണ്ടി ഈ ടീമില്‍ നിന്ന് പ്രാര്‍ത്ഥനകളും ജപമാലകളും ഉയരുന്നുണ്ട്. അതോടൊപ്പം തന്നെ നിങ്ങളുടെ ജീവിതത്തിലെ വിവിധ  നിയോഗങ്ങളും പ്രാർത്ഥനാവിഷയങ്ങളും ഞങ്ങള്‍ക്കെഴുതുകയോ ഫോണ്‍വിളിച്ച് അറിയിക്കുകയോ ചെയ്യുക. ഞങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാം.

 ഇത് പ്രാര്‍ത്ഥന കൂടുതലായി ആവശ്യപ്പെടുന്ന സമയമാണ്. കൂടുതല്‍ പ്രാര്‍ത്ഥിക്കേണ്ട സമയമാണ്. അയോഗ്യരായ ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍ നിങ്ങളുടെ സങ്കടങ്ങള്‍ക്കും ജീവിതനിയോഗങ്ങള്‍ക്കും തുണയായി കൂടെയുണ്ടാവും.

പ്രാര്‍ത്ഥനയൂടെ കൂട്ടായ്മയിലായിരിക്കുമ്പോള്‍ നാം കൂടുതല്‍ ശക്തിയുള്ളവരാകും. എല്ലാറ്റിനെയും അതിജീവിക്കാന്‍ നമുക്ക് കരുത്ത് ലഭിക്കും. നാം തനിച്ചല്ലെന്ന ബോധ്യമുണ്ടാക്കിത്തരും. അതുകൊണ്ട് വിവിധ വിഷയങ്ങളോര്‍ത്ത് വിഷമിച്ചിരിക്കുന്നവരേ നിങ്ങള്‍ തളരരുത്.

നിങ്ങള്‍ക്കുവേണ്ടി പരിശുദ്ധ അമ്മയിലൂടെ സഭയോട് ചേര്‍ന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കാം .നമുക്ക് ഒരുമിച്ച് പ്രാര്‍ത്ഥനയില്‍ വളരാം. പരിശുദ്ധ അമ്മയിലൂടെ ഈശോയിൽ എത്താം .

പ്രാര്‍ത്ഥനാപൂര്‍വ്വം

ഫാ ടോമി എടാട്ട്
സ്പിരിച്വല്‍ ഡയറക്ടര്‍
മരിയന്‍ മിനിസ്ട്രി

 പ്രാര്‍ത്ഥനാനിയോഗങ്ങള്‍ എഴുതി അറിയിക്കേണ്ട ഇമെയിൽ
[email protected]
ഫോണ്‍. 0044 745 6050 354, 0044 780 9502 804



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
2 Comments
  1. Tinu says

    Helpful message

  2. Jessy Anil says

    Please pray for my family and solve all financial crisis

Leave A Reply

Your email address will not be published.