ലെബനോനില്‍ നിന്നുള്ള മംഗളവാര്‍ത്താ തിരുനാള്‍ ദിന വിശേഷങ്ങള്‍


ബെയ്‌റൂട്ട്: പതിവുപോലെ മംഗളവാര്‍ത്താ തിരുനാള്‍ ദിനമായ ഇന്നലെയും ലെബനോന് ദേശീയ അവധിയായിരുന്നു. ക്രൈസ്തവരും മുസ്ലീമുകളും ഒരുമിച്ച് ഈ ദിവസം ഭക്തിസാന്ദ്രമായി ആഘോഷിക്കുകയും ചെയ്തു.

ക്രൈസ്തവരും മുസ്ലീമുകളും ഒരുമിച്ച് മാതാവിന്റെ അമലോത്ഭവതിരുനാള്‍ ആഘോഷിക്കുന്നതിനാണ് ആദ്യം പദ്ധതിയിട്ടിരുന്നത്. പക്ഷേ ഓര്‍ത്തഡോക്‌സ് ക്രൈസ്തവര്‍ മാതാവിന്റെ അമലോത്ഭവസത്യത്തെ അംഗീകരിക്കാത്തതുകൊണ്ട് മാതാവിന്റെ തന്നെ മറ്റൊരു തിരുനാള്‍ എല്ലാവര്‍ക്കും സമ്മതമാകത്തക്ക രീതിയില്‍ ആഘോഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആ തീരുമാനമാണ് മംഗളവാര്‍ത്താ തിരുനാളില്‍ എത്തിയത്.

കാരണം മംഗളവാര്‍ത്തയുടെ പരാമര്‍ശം ബൈബിളില്‍ എന്നതുപോലെ ഖുറാനിലുണ്ട്. മാത്രവുമല്ല ഖുറാനില്‍ 34 തവണ പരാമര്‍ശിക്കപ്പെടുന്ന ഒരേയൊരു സ്ത്രീ നാമം മറിയത്തിന്റേതാണ്. അതിശയകരമെന്ന് പറയട്ടെ ബൈബിളില്‍ 19 തവണ മാത്രമേ മറിയത്തെ പരാമര്‍ശിക്കുന്നുള്ളൂ.

ലെബനോനില്‍ മുസ്ലീമുകളും ക്രൈസ്തവരും ഒരുമിച്ച് മംഗളവാര്‍ത്താ തിരുനാള്‍ ആഘോഷിക്കുന്ന പതിവിന് തുടക്കം കുറിച്ചത് 2007 മുതല്ക്കാണ്. രാഷ്ട്രീയ നേതാക്കളും ഈ ആഘോഷത്തിന് പിന്തുണയേകി. തുടര്‍ന്ന് പ്രധാനമന്ത്രി സയ്ദ് ഹാരിരി 2010 ല്‍ മംഗളവാര്‍ത്താ തിരുനാള്‍ ദിനമായ മാര്‍ച്ച് 25 ലെബനോനിന്റെ പൊതു അവധിയായി പ്രഖ്യാപിക്കുകയായിരുന്നു. ലെബനോനിന്റെ ഈ മാതൃക പിന്നീട് മറ്റു രാജ്യങ്ങളിലേക്ക വ്യാപിച്ചു.

ഇന്ന് കാനഡ, ഫ്രാന്‍സ്, ബ്രസീല്‍, സ്‌പെയ്ന്‍ തുടങ്ങിയ രാജ്യങ്ങളിലെല്ലാം മുസ്ലീമുകളും ക്രൈസ്തവരും ചേര്‍ന്ന് മംഗളവാര്‍ത്താ തിരുനാള്‍ ആഘോഷിക്കുന്നുണ്ട്. ജോര്‍ദാനിലും മാര്‍ച്ച് 25 പൊതു അവധിയാണ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.