മരിയന്‍ ത്രൈമാസിക – മരിയന്‍ മിനിസ്ട്രിയില്‍ നിന്ന് പുതിയൊരു പ്രസിദ്ധീകരണം

എക്‌സിറ്റര്‍: പരിശുദ്ധ അമ്മയിലൂടെ സഭയോട് ചേര്‍ന്ന് എന്ന ആദര്‍ശവാക്യവുമായി ദൈവശുശ്രൂഷയ്ക്കായി തുടക്കമിട്ട മരിയന്‍ മിനിസ്ട്രിയില്‍ നിന്ന് പുതിയൊരു പ്രസിദ്ധീകരണം ആരംഭിക്കുന്നു. മരിയന്‍ ത്രൈമാസിക.

മാതാവിന്റെ വിമലഹൃദയ തിരുനാള്‍ ദിനമായ ജൂണ്‍ 29 ന് മരിയന്‍ ത്രൈമാസികയുടെ പൈലറ്റ് ഇഷ്യു പുറത്തിറങ്ങും. തുടര്‍ന്ന് ഓരോ മൂന്നു മാസം കൂടുമ്പോഴും മാസിക പ്രസിദ്ധീകരിക്കും.

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അനുഗ്രഹാശീര്‍വാദങ്ങളോടെ പ്രവര്‍ത്തിക്കുന്ന മരിയന്‍ മിനിസ്ട്രി ഇതിനകം പ്രസിദ്ധീകരണരംഗത്തും ഓണ്‍ലൈന്‍ രംഗത്തും സജീവസാന്നിധ്യം അറിയിച്ചിട്ടുണ്ട്. മാതാവിന്റെ മംഗളവാര്‍ത്താ തിരുനാള്‍ ദിനമായ 2019 മാര്‍ച്ച് 25 ന് ചെറിയ രീതിയില്‍ ആരംഭിച്ച മരിയന്‍പത്രം ഓണ്‍ലൈന്‍ മൂന്നുമാസങ്ങള്‍ക്കുള്ളില്‍ നാലു ലക്ഷത്തോളം പേരാണ് സന്ദര്‍ശിച്ചത്. മരിയന്‍ പബ്ലിക്കേഷനില്‍ നിന്ന് ഫാ. ടോമി എടാട്ട് തയ്യാറാക്കിയ ബൈബിള്‍ പസില്‍സ് എന്ന കൃതി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പുറത്തിറങ്ങും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ബൈബിളിനെ അറിയാനും പഠിക്കാനും എളുപ്പവഴിയിലുള്ള പുസ്തകമായിട്ടാണ് ഇതിനെ രൂപകല്പന ചെയ്തിരിക്കുന്നത്.

ഇങ്ങനെയുള്ള വിവിധ മാധ്യമ ശുശ്രൂഷകളുടെ തുടര്‍ച്ചയാണ് മരിയന്‍ ത്രൈമാസിക . മരിയ വിജ്ഞാനീയത്തിന് ഈടുറ്റ ലേഖനങ്ങള്‍ ഈ പ്രസിദ്ധീകരണത്തിലൂടെ വരുംകാലങ്ങളില്‍ ലഭിക്കുമെന്നാണ് ഇതിന്റെ പിന്നണിപ്രവര്‍ത്തകര്‍ വിശ്വസിക്കുന്നത്.

ഫാ. ടോമി എടാട്ട് ചീഫ് എഡിറ്ററായി പ്രവര്‍ത്തിക്കുന്ന മരിയന്‍ ത്രൈമാസികയുടെ മാനേജിങ് എഡിറ്റര്‍ ബ്ര. തോമസ് സാജ് ആയിരിക്കും. വിനായക് നിര്‍മ്മല്‍ എഡിറ്റര്‍ ഇന്‍ ചാര്‍ജായി പ്രവര്‍ത്തിക്കും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.