കലാപങ്ങള്‍ തളര്‍ത്താതെ മ്യാന്‍മറില്‍ പൗരോഹിത്യസ്വീകരണങ്ങള്‍ വര്‍ദ്ധിക്കുന്നു

മ്യാന്‍മര്‍: ഫെബ്രുവരി ഒന്നുമുതല്‍ കലാപകലുഷിതമാണ് മ്യാന്‍മറെങ്കിലും അവയ്‌ക്കൊന്നിനും വിശ്വാസജീവിതത്തെ തകര്‍ക്കാന്‍ കഴിഞ്ഞിട്ടില്ലെന്നതിന് സാക്ഷ്യമായി രാജ്യത്ത് പൗരോഹിത്യസ്വീകരണങ്ങള്‍ വര്‍ദ്ധിക്കുന്നു. ഏറ്റവും ഒടുവിലായി ഒക്ടോബര്‍ അഞ്ചിനാണ് നാലു ഡീക്കന്മാര്‍ വൈദികരായത്. ബാന്‍മാ ബിഷപ് റെയ്മണ്ട് സംലറ്റ് ഗാം തിരുക്കര്‍മ്മങ്ങള്‍ക്ക് കാര്‍മ്മികനായി.

കോവിഡ് സാഹചര്യവും രാജ്യത്തെ രാഷ്ട്രീയ അവസ്ഥയും കണക്കിലെടുത്ത് വളരെ അടുത്ത ബന്ധുക്കളും വൈദികരും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. സെപ്തംബര്‍ 25 നാണ് ഇതിന് മുമ്പ് പൗരോഹിത്യസ്വീകരണം നടന്നത്. അഞ്ചു ഡീക്കന്മാരാണ് അന്ന് വൈദികരായത്.

മെയ് 23 ന് രണ്ടു വൈദികാര്‍ത്ഥികള്‍ക്ക് ഡീക്കന്‍പട്ടം നല്കിയിരുന്നു.

ക്രൈസ്തവ ന്യൂനപക്ഷ രാജ്യമായ മ്യാന്‍മറില്‍ ആയിരത്തോളം വൈദികരും രണ്ടായിരത്തോളം കന്യാസ്ത്രീകളും നൂറുകണക്കിന് കാറ്റക്കിസ്റ്റുകളും ശുശ്രൂഷ ചെയ്യുന്നു. 16 കത്തോലിക്കാ രൂപതകള്‍ ഇവിടെയുണ്ട്. ഫെബ്രുവരി ഒന്നുമുതല്ക്കുളള കലാപങ്ങളില്‍ ക്രൈസ്തവരുള്‍പ്പടെ 1,156 പേര്‍ കൊല്ലപ്പെടുകയും എണ്ണായിരത്തോളം പേര്‍ അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.