മ്യാന്‍മാറില്‍ വൈദികന്‍ അറസ്റ്റില്‍

മ്യാന്‍മാര്‍: വെസ്റ്റേണ്‍ മ്യാന്‍മാറിലെ ചിന്‍ സ്റ്റേറ്റില്‍ നിന്ന് വൈദികനെയും കാറ്റക്കിസ്റ്റിനെയും അറസ്റ്റ് ചെയ്തു. ഫാ. നോയല്‍ ഹരാങ് ടിന്‍ താങ് ആണ് അറസ്റ്റ് ചെയ്യപ്പെട്ടത്. അദ്ദേഹവും കാറ്റക്കിസ്റ്റും കൂടി സുര്‍ക്ക്ഹുവാ ടൗണില്‍ നിന്ന് ഹാക്കാഹിലേക്ക് യാത്ര ചെയ്യുമ്പോഴായിരുന്നു പീപ്പിള്‍സ് ഡിഫന്‍സ് ഫോഴ്‌സ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

ജൂലൈ 26 നായിരുന്നു അറസ്റ്റ്. ഒരാഴ്ച കഴിഞ്ഞിട്ടും വൈദികനെയും സുഹൃത്തിനെയും വിട്ടയ്ക്കാത്തതില്‍ വിശ്വാസികള്‍ക്കിടയില്‍ ആശങ്ക വര്‍ദ്ധിച്ചിട്ടുമുണ്ട്. ഇവരുടെ മോചനത്തിനായി പ്രാര്‍ത്ഥനകള്‍ നടക്കുന്നുണ്ട്. എത്രയും പെട്ടെന്ന് ഇവരെ മോചിപ്പിക്കണമെന്ന് ബിഷപ് ലൂസിയസ് ആവശ്യപ്പെട്ടു. രാജ്യം കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്ന സങ്കീര്‍ണ്ണമായ സാഹചര്യത്തില്‍ ഭവനരഹിതരായ നിരവധി ആളുകളെ പ്രായവ്യത്യാസമില്ലാതെ തന്റെ ഇടവകയില്‍ താമസിപ്പിച്ച വ്യക്തിയായിരുന്നു ഫാ. നോയല്‍.

മിലിട്ടറിക്ക് വിവരങ്ങള്‍ നല്കിയെന്നാരോപിച്ചാണ് വൈദികനെ അറസ്റ്റ് ചെയ്തിരിക്കുന്നത് എന്നാണ് പീപ്പിള്‍സ് ഡിഫന്‍സ് ഫോഴ്‌സിന്റെ വിശദീകരണം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.