ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സുഡാന്‍- കോംഗോ സന്ദര്‍ശനത്തിന് തുടക്കമായി

വത്തിക്കാന്‍സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ തെക്കന്‍ സുഡാന്‍-കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക് സന്ദര്‍ശനത്തിന് തുടക്കമായി. ജനുവരി 31 ന് ആരംഭിച്ച അപ്പസ്‌തോലിക യാത്ര ഫെബ്രുവരി അഞ്ചിന് സമാപിക്കും. അപ്പസ്‌തോലികയാത്രകള്‍ക്ക് പതിവെന്നതുപോലെ റോമിലെ മേരി മേജര്‍ ബസിലിക്കയിലെത്തി പ്രാര്‍ത്ഥിച്ചതിന് ശേഷമാണ് പാപ്പ യാത്ര ആരംഭിച്ചത്.

37 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് ഒരു പാപ്പ കോംഗോയിലെത്തുന്നത്. 1985 ലാണ് ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ ഇവിടം സന്ദര്‍ശിച്ചത്. കോംഗോയില്‍ ജനുവരി 31 മുതല്‍ ഫെബ്രുവരി 3 വരെയാണ് പാപ്പായുടെ സന്ദര്‍ശനം. 52 മില്യന്‍ കത്തോലിക്കരാണ് ഇവിടെയുള്ളത്.

ഫെബ്രുവരി മൂന്നുമുതല്‍ അഞ്ചുവരെയാണ് സുഡാന്‍ പര്യടനം.സുഡാന്‍ സന്ദര്‍ശിക്കുന്ന ആദ്യത്തെ മാര്‍പാപ്പയാണ് ഫ്രാന്‍സിസ്. റിപ്പബ്ലിക് ഓഫ് സുഡാനില്‍ നിന്ന് സ്വാതന്ത്ര്യം നേടിയത് 2011ലാണ്. ലോകത്തിലെ തന്നെ ഏറ്റവും പുതിയ രാജ്യമാണ്.

കഴിഞ്ഞ വര്‍ഷമാണ് ഈ പര്യടനം പ്ലാന്‍ ചെയ്തിരുന്നതെങ്കിലും പാപ്പായുടെഅനാരോഗ്യം കണക്കിലെടുത്ത് ഈവര്‍ഷത്തേക്ക് നീട്ടിവയ്ക്കുകയായിരുന്നു. സുഡാനിലെ സമാധാനനടപടികളില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വ്യക്തിപരമായ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

വത്തിക്കാനില്‍ സുഡാനിലെ നേതാക്കന്മാര്‍ക്കുവേണ്ടി 2019 ല്‍ സ്പിരിച്വല്‍ റിട്രീറ്റും സംഘടിപ്പിച്ചിരുന്നു. ഇരുനേതാക്കന്മാരുടെയും കാല്‍ പിടിച്ച് സമാധാനത്തിന് വേണ്ടി പാപ്പ അഭ്യര്‍ത്ഥിച്ചത് ലോകശ്രദ്ധയാകര്‍ഷിച്ചിരുന്നു.

പതിനായിരക്കണക്കിന് ആളുകളാണ് സൗത്ത് സുഡാനിലെ ആഭ്യന്തരയുദ്ധത്തില്‍ കൊല്ലപ്പെട്ടത്.

പുതുവര്‍ഷത്തിലെ ആദ്യത്തെ അപ്പസ്‌തോലികയാത്രയാണ് ഇത്, സമാധാനത്തിന് വേണ്ടിയുള്ള എക്യുമെനിക്കല്‍ തീര്‍ത്ഥയാത്രയെന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഈ പര്യടനത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.

കാന്റര്‍ബെറി ആര്‍ച്ച് ബിഷപ് ജസ്റ്റിന്‍ വെല്‍ബിയും സ്‌കോട്ട്‌ലന്റ് സഭ മോഡറേറ്റര്‍ ഗ്രീന്‍ഷീല്‍ഡും ഈ യാത്രയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്‌ക്കൊപ്പമുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.