സെന്‍റ് അൽഫോൻസ സീറോ മലബാർ മിഷൻ ഉദ്ഘാടനം ചെയ്തു


ലെസ്റ്റർ: മിഡ്‌ലാൻഡ്‌സിലെ പ്രധാന മലയാളി-ക്രൈസ്തവ കേന്ദ്രമായ ലെസ്റ്ററിൽ സീറോ മലബാർ മിഷൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു. ഭാരത ക്രൈസ്തവർ തങ്ങളുടെ വിശ്വാസപിതാവായ മാർ തോമാശ്ലീഹായുടെ പുതുഞായർ തിരുനാളായി ആചരിച്ച ഏപ്രിൽ 28 ന് ലെസ്റ്റർ മദർ ഓഫ് ഗോഡ് ദൈവാലയത്തിലാണ് പുതിയ മിഷൻ ഉദ്ഘാടനം ചെയ്യപ്പെട്ടത്.

ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലും ലെസ്റ്റർ പ്രദേശമുൾക്കൊള്ളുന്ന നോട്ടിംഗ്ഹാം രൂപതയുടെ അധ്യക്ഷൻ ബിഷപ്പ് പാട്രിക് മക്കിനിയും തിരുക്കർമ്മങ്ങൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. നോട്ടിംഗ്ഹാം, ഗ്രേറ്റ് ബ്രിട്ടൺ രൂപതകളിലെ നിരവധി വൈദികരും വൻ ജനാവലിയും ചരിത്രനിമിഷങ്ങൾക്കു സാക്ഷികളായി. 

തിരുക്കർമ്മങ്ങൾക്ക് മുൻപായി പ്രധാനകാർമ്മികരെയും മറ്റു വിശിഷ്ടാതിഥികളെയും ദേവാലയത്തിലേക്കു സ്വീകരിച്ചാനയിച്ചു.  ഉച്ചകഴിഞ്ഞു നാല് മണിക്ക് ദൈവാലയത്തിലാരംഭിച്ച തിരുക്കർമ്മങ്ങളുടെ തുടക്കത്തിൽ ഗ്രേറ്റ് രൂപത വികാരി ജനറാളും ലെസ്റ്റർ മിഷൻ ഡിറ്റക്ടറുമായ ഫാ. ജോർജ് ചേലക്കൽ സ്വാഗതമാശംസിച്ചു. പുതിയ സീറോ മലബാർ മിഷൻ സ്ഥാപിച്ചുകൊണ്ടുള്ള രൂപതാധ്യക്ഷന്റെ കല്പന പ്രോട്ടോസിഞ്ചെല്ലൂസ് റെവ. ഡോ. ആൻ്റണി ചുണ്ടെലിക്കാട്ട് വായിച്ചു. തുടർന്ന് കാഴ്ചവസ്തുക്കളുടെ സ്വീകരണവും ആഘോഷമായ വി. കുർബാനയും നടന്നു. 

വി. കുർബാനയിൽ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമ്മികനായി. വി. കുർബാനയിൽ ഗീതങ്ങൾ മലയാളത്തിലും പ്രാർത്ഥനകളും വായനകളും ഇംഗ്ലീഷിലുമായിരുന്നു. ബിഷപ്പ് പാട്രിക് മക്കിനി തിരുവചനവായനക്കു ശേഷം വചനസന്ദേശം നൽകി. സീറോ മലബാർ വിശ്വാസികളുടെ ആത്‌മീയ തീക്ഷ്ണതയെക്കുറിച്ചും പ്രാർത്ഥനാതാല്പര്യത്തെക്കുറിച്ചും അദ്ദേഹം സന്തുഷ്ടി പ്രകടിപ്പിച്ചു. സംശയിക്കുന്ന തോമസിൽ നിന്ന് വിശ്വാസപ്രഖ്യാപനം  നടത്തുന്ന തോമസിലേക്കു മാറാൻ കാരണമാക്കിയത് ഈശോയെ തൊട്ടറിയാനുള്ള അവസരമായിരുന്നെന്ന് ബിഷപ്പ് അനുസ്മരിച്ചു.

വി. കുർബാനയിൽ ഈശോയെ തൊടുന്ന നമ്മളും തോമസിനെപ്പോലെ ഈശോയിലുള്ള അടിയുറച്ച വിശ്വാസത്തിലേക്ക് വരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. തൻ്റെ മെത്രാഭിഷേകം തോമാശ്ലീഹായുടെ തിരുനാൾ ദിവസമായ ജൂലൈ 3 ആയതിനാൽ, തനിക്കും തോമാശ്ലീഹായോടു വലിയ ആത്‌മീയ അടുപ്പമുണ്ടന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

വി. കുർബാനയുടെ സമാപനത്തിൽ രണ്ടു മെത്രാന്മാർക്കും ഇടവകയുടെ ഉപഹാരങ്ങൾ സമ്മാനിച്ചു. ബിഷപ്പ് പാട്രിക്കിന്റെ സ്നേഹത്തിനും സന്മനസ്സിനും മാർ ജോസഫ് സ്രാമ്പിക്കൽ നന്ദി പ്രകാശിപ്പിച്ചു. ബിഷപ്പ് പാട്രിക്കിന് റെവ. ഫാ. ജോർജ് ചേലക്കലും, മാർ സ്രാമ്പിക്കലിന് ദൈവജനത്തിന്റെ പ്രതിനിധിയായി സോബിയും ഉപഹാരങ്ങൾ കൈമാറി. ഇടവക പ്രതിനിധി ബാബുരാജ് ജോസഫ് കൃതജ്ഞത പറഞ്ഞു.

പാരിഷ് ഹാളിൽ മിഷന്റെ പുതിയ വെബ്സൈറ്റ് ഉദ്ഘാടനം മാർ ജോസഫ് സ്രാമ്പിക്കൽ നിർവഹിച്ചു.  തിരുക്കർമ്മങ്ങൾക്കായി ഒരുക്കങ്ങൾ നടത്തിയവരെ രൂപതാധ്യക്ഷൻ സമ്മാനങ്ങൾ നൽകി ആദരിച്ചു. സ്‌നേഹവിരുന്നുംഉണ്ടായിരുന്നു.

ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത പ്രോട്ടോസിഞ്ചെല്ലൂസ് റെവ. ഡോ. ആൻ്റണി ചുണ്ടെലിക്കാട്ട്, വികാരി ജനറാൾ റെവ. ഫാ. ജിനോ അരീക്കാട്ട് MCBS, ലെസ്റ്റർ ഡീനറി ഡീൻ റെവ. ജോൺ ഹാർഡി, സെക്രട്ടറി റെവ. ഫാ. ഫാൻസ്വാ പത്തിൽ തുടങ്ങിയവരും ഗ്രേറ്റ് ബ്രിട്ടൺ രൂപതയിലും നോട്ടിംഗ്ഹാം  രൂപതയിലെ ശുശ്രുഷ ചെയ്യുന്ന നിരവധി മറ്റു വൈദികരും തിരുക്കർമ്മങ്ങളിൽ സഹകാർമികരായി. ലെസ്റ്ററിലും പരിസരപ്രദേശങ്ങളിലും നിന്ന് വലിയ വിശ്വാസിസമൂഹവും തിരുക്കർമ്മങ്ങളിൽ പ്രാർത്ഥനാപൂർവ്വം പങ്കുചേർന്നു. 

ഫാ. ബിജു കുന്നയ്ക്കാട്ട് PRO 



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.