ഇന്ന് സെപ്തംബര്‍ 8.
നമ്മുക്കെല്ലാം ഏറെ പ്രിയപ്പെട്ടവളായ പരിശുദ്ധ അമ്മയുടെ പിറന്നാള്‍ നാം ഇന്നാചരിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിലായി നോമ്പും ഉപവാസവും ആചരിച്ച് പ്രത്യേകപ്രാര്‍ത്ഥനകള്‍ നടത്തി ഇന്നേ ദിവസത്തിനായി നാം ഒരുങ്ങുകയായിരുന്നു.
വര്‍ഷങ്ങളായി കുട്ടികളില്ലാതിരുന്ന യോവാക്കിമിനും അന്നയ്ക്കും പിറന്ന മകളായിരുന്നു മറിയം. യാക്കോബിന്റെ സുവിശേഷത്തില്‍ നിന്നാണ് പരിശുദ്ധ മറിയത്തിന്റെ ജനനത്തെക്കുറിച്ചുള്ള സൂചനകള്‍ നമുക്ക് ലഭിക്കുന്നത്. ദൈവകുമാരന്റെ അമ്മയാകാന്‍ മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടവളായിരുന്നതുകൊണ്ട് ജ്ന്മപാപത്തില്‍ നിന്ന് അവള്‍ സംരക്ഷിക്കപ്പെട്ടിരുന്നു.
അമലോത്ഭവയായിരുന്നു മറിയം.
ഇതിനെ സാധൂകരിക്കുന്നവയാണ് മറിയം ജന്മപാപരഹിതയായിരുന്നുവെന്നും ഉത്ഭവത്തിന്റെ ആദ്യനിമിഷം മുതല്‍ പാപമാലിന്യമില്ലാതെ അവള്‍ സംരക്ഷിക്കപ്പെട്ടുവെന്നുമുള്ള വിശ്വാസം. ദൈവത്തിന്റെ പ്രത്യേകമായ സ്‌നേഹത്താലും തിരഞ്ഞെടുപ്പിലുമാണ് മറിയം ജന്മപാപ രഹിതയായത്.
തിരുസഭയില്‍ സാധാരണയായി വിശുദ്ധരുടെ മരണത്തിരുനാളാണ് ആഘോഷിക്കുന്നത്. എന്നാല്‍ മൂന്നു ജന്മദിനങ്ങള്‍ സഭയില്‍ ആഘോഷിക്കുന്നുണ്ട്. അതിലൊന്ന് പരിശുദ്ധ അമ്മയുടേതാണ്. ക്രിസ്തുവിന്റെ ജന്മദിനമായ ഡിസംബര്‍ 25 ഉം സ്നാപകയോഹന്നാന്റെ ജന്മദിനമായ ജൂണ്‍ 24 ഉം ആണ് ആ ദിനങ്ങള്‍.
പരിശുദ്ധ അമ്മയുടെ പിറവിത്തിരുനാള്‍ ആചരിക്കുമ്പോള്‍ അമ്മയുടെ ജീവിതമാതൃകയനുസരിച്ച് ജീവിക്കാന്‍ നമുക്ക് ശ്രമിക്കാം. വിനയവും ലാളിത്യവും പരസ്‌നേഹവുംകാരുണ്യവും നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കാം.
അതോടൊപ്പം നമ്മുടെ ജീവിതനിയോഗങ്ങള്‍ക്കുവേണ്ടി പരിശുദ്ധ അമ്മയോട് പ്രത്യേകമായി മാധ്യസ്ഥം യാചിക്കുകയുംചെയ്യാം.
മരിയന്‍ പത്രത്തിന്റെ പ്രിയ വായനക്കാര്‍ക്ക് മാതാവിന്റെ പിറവിത്തിരുനാള്‍ മംഗളങ്ങള്‍ സ്‌നേഹപൂര്‍വ്വം ആശംസിക്കുന്നു.