അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഇനി ഏതാനുംമണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് വീണ്ടും തിരഞ്ഞെടുക്കപ്പെടുമെന്ന് പ്രസിദ്ധ സുവിശേഷപ്രഘോഷകനായ ഫാ. ജെയിംസ് മഞ്ഞാക്കല്‍. പ്രാര്ത്ഥനയ്ക്കിടയില് തനിക്ക് കിട്ടിയ ദൈവികസന്ദേശമായിട്ടാണ് ഇതിനെ അച്ചന് വീഡിയോയില്‍ വിശദീകരിച്ചിരിക്കുന്നത്. അമേരിക്കന്‍ മലയാളികളോട് സംസാരിക്കുന്ന വീഡിയോയിലാണ് അച്ചന് ഇക്കാര്യം പറയുന്നത്.
താന്‍ പല ലോകനേതാക്കന്മാരെയും കണ്ടിട്ടുണ്ടെന്നും എന്നാല്‍ യേശുക്രിസ്തു ദൈവമാണെന്ന് ലോകത്തോട് ഉറക്കെ വിളിച്ചുപറഞ്ഞ ഒരേയൊരു ലോകനേതാവേ ഉള്ളൂവെന്നും അത് ട്രംപ് ആണെന്നുമാണ് അച്ചന് വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കുന്നത്.അബോര്‍ഷനെതിരെയുളള ട്രംപിന്റെ നിലപാടുകളെയും അച്ചന് പ്രശംസിക്കുന്നുണ്ട്. ട്രംപിനോട് അടുത്തുനിന്നിരിക്കുന്നവര് പോലും ഇപ്പോള്‍ അദ്ദേഹത്തില്‍ നിന്ന് അകലുന്നു. ഇത് സാത്താന്റെ കെണിയാണ്. അച്ചന് വിശദീകരിക്കുന്നു.
അമേരിക്കയുടെ ഭാവിക്കും മലയാളികളുടെ നന്മയ്ക്കും സര്‍വ്വോപരി ലോകത്തിന്റെ നന്മയ്ക്കും ട്രംപിന് തന്നെ വോട്ട് ചെയ്യണമെന്നും അദ്ദേഹം വീഡിയോയില്‍ മലയാളികളോട് അഭ്യര്‍ത്ഥിച്ചു. ലോകം വളരെ നിര്‍ണ്ണായകമായ സാഹചര്യത്തിലൂടെ ഇന്ന് കടന്നുപോകുകയാണെന്നും എന്നാല്‍ അതൊരിക്കലും കൊറോണയല്ലെന്നും ദൈവവിശ്വാസത്തില്‍ നിന്ന് അകറ്റിക്കൊണ്ടുപോകുകയും അന്തിക്രിസ്തുവിന്റെ ആത്മാവായി കടന്നുവന്ന് ക്രിസ്തുവിനെയും അവിടുത്തെ സഭയെയും തകര്‍ക്കാനുള്ള ശ്രമമാണ് അതെന്നും അച്ചന് പറയുന്നു.
നുണ പറഞ്ഞ് മറ്റുള്ളവരുടെ തല വെട്ടുന്ന കാലത്ത് ഇനിയും കണ്ണടച്ചിരിക്കരുതെന്നും കാലത്തിന്റെ അടയാളങ്ങള്‍ തിരിച്ചറിയണമെന്നും അച്ചന് ഓര്‍മ്മിപ്പിക്കുന്നുണ്ട്. അമേരിക്കയിലെ മലയാളി സഹോദരങ്ങള്‍ക്കായാണ് അച്ചന് വീഡിയോ സന്ദേശം നല്‍കിയിരിക്കുന്നത്.