“വിവാഹം പുരോഹിതരുടെ കുറവ് പരിഹരിക്കുകയില്ല “

റോം: വൈദികരുടെ കുറവ് പരിഹരിക്കാന്‍ വിവാഹം ഒരു പരിഹാരമാര്‍ഗ്ഗമല്ല എന്ന് യുക്രൈനിയന്‍ ഗ്രീക്ക് കാത്തലിക് ചര്‍ച്ചിന്റെ മേജര്‍ ആര്‍ച്ച് ബിഷപ് വിയാറ്റിസ്ലാവ് ഷെവുഷുക്ക്. വൈദികവൃത്തിയിലേക്ക് ആളുകള്‍ കടന്നുവരുന്നതിന്റെ കുറവ് പരിഹരിക്കാന്‍ വൈദികരാകാന്‍ വരുന്നവര്‍ക്ക് വിവാഹജീവിതം അനുവദിക്കണം എന്നുള്ള അഭിപ്രായങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വിവാഹിതരായവര്‍ക്ക് പൗരോഹിത്യം നല്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന ആമസോണ്‍ സിനഡിന്റെ പശ്ചാത്തലത്തിലായിരുന്നു ആര്‍ച്ച് ബിഷപ്പിന്റെ പ്രതികരണം. കുടുംബസാഹചര്യങ്ങള്‍ അനുവദിക്കുന്നതുവഴി ദൈവവിളി വര്‍ദ്ധിപ്പിക്കാന്‍ കഴിയില്ല എന്നതാണ് തങ്ങളുടെ അനുഭവമെന്നും അദ്ദേഹം വ്യക്തമാക്കി.

പുരോഹിതര്‍ക്ക് വിവാഹജീവിതം അനുവദിക്കുന്ന സഭയാണ് യുക്രൈനിയന്‍ ഗ്രീക്ക് കാത്തലിക് സഭ. എന്നിട്ടും അതനുസരിച്ച് ആനുപാതികമായ വര്‍ദ്ധനവ് തങ്ങള്‍ക്കുണ്ടാകുന്നില്ലെന്നും എന്നാല്‍ ദൈവവിളിയില്‍ തങ്ങള്‍ക്ക് കുറവ് അനുഭവപ്പെടാത്തതിനാല്‍ ദൈവത്തിന് നന്ദി പറയുന്നുവെന്നും അദ്ദേഹം അറിയിച്ചു.

ദൈവവിളി എന്നത് ദൈവത്തില്‍ നിന്ന് മാത്രം വരുന്നതാണ്. പൗരോഹിത്യം എന്നാല്‍ ഒരുവന്‍ തന്റെ ജീവിതം മുഴുവന്‍ സഭയുടെ നന്മയ്ക്കുവേണ്ടി സമര്‍പ്പിക്കുന്നതാണ്. വെല്ലുവിളികള്‍ എല്ലാവര്‍ക്കുമുണ്ട്. അദ്ദേഹം പറഞ്ഞു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.