കോവിഡ് ദുരിതബാധിതരെ സഹായിക്കാന്‍ വത്തിക്കാനിലെ ഉദ്യോഗസ്ഥരുടെ ഹൃദയം തുറന്ന പങ്കുവയ്ക്കലുകള്‍

വത്തിക്കാന്‍ സിറ്റി: കോവിഡ് ദുരിതബാധിതരായ ആളുകളെ സഹായിക്കാനായി സാമ്പത്തികമായി സഹായിക്കണമെന്ന കര്‍ദിനാള്‍ കോണ്‍റാഡ് ക്രാജെസ്‌ക്കിയുടെ അഭ്യര്‍ത്ഥനയ്ക്ക് ക്രിയാത്മകമായ പ്രതികരണം. ഹൃദയം നിറഞ്ഞ പ്രതികരണമാണ് വത്തിക്കാനിലെ ഉദ്യോഗസ്ഥവൃന്ദങ്ങളില്‍ നിന്ന് ഉണ്ടായിരിക്കുന്നതെന്ന് കര്‍ദിനാള്‍ കോണ്‍റാഡ് മാധ്യമങ്ങളോട് അറിയിച്ചു. തങ്ങളുടെ മാസ ശമ്പളത്തിന് തുല്യമായ തുക നല്കിയവരുണ്ട്. അതുപോലെ രണ്ടുമാസത്തെ വരുമാനം സഹായമായി നല്കിയവരുമുണ്ട്. അദ്ദേഹം അറിയിച്ചു. ഇത് വലിയൊരു പ്രതികരണമാണ്. എന്റെ ചിന്തകള്‍ക്ക് അപ്പുറമായിട്ടുള്ളത്. കര്‍ദിനാള്‍ വ്യക്തമാക്കി.

മാര്‍പാപ്പയുടെ ചാരിറ്റിപ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന കര്‍ദിനാള്‍ കോണ്‍റാഡ് ഏപ്രില്‍ ആറിനാണ് ഇത് സംബന്ധിച്ച് കര്‍ദിനാള്‍മാര്‍, ആര്‍ച്ച് ബിഷപ്പുമാര്‍, മെത്രാന്മാര്‍,വത്തിക്കാനിലെ ഇതര ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് കത്തെഴുതിയത്. കോവിഡ് കാലത്തിന്റെ ഇരകളോട് ഐകദാര്‍ഢ്യം പ്രഖ്യാപിക്കാനുള്ള അവസരമാണ് ഇതെന്ന് അദ്ദേഹം കത്തില്‍ ഓര്‍മ്മപ്പെടുത്തിയിരുന്നു. റൊമാനിയ, സാംബിയ എന്നിവിടങ്ങളിലേക്ക് സാമ്പത്തികസഹായം നല്കാനും വെന്റിലേറ്ററുകള്‍ നല്കാനും ഈ സാമ്പത്തിക സഹായം പ്രയോജനപ്പെടുത്തുമെന്നും കര്‍ദിനാള്‍ അറിയിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.