വത്തിക്കാന്‍ സിറ്റി: ക്രിസ്തുവിന്റെ ശൈലിയില്‍ അളന്നുകൊടുത്താല്‍ നിങ്ങള്‍ക്കും ക്രിസ്തുവിന്റെ ശൈലിയില്‍ തന്നെ തിരികെ കിട്ടും. എന്നാല്‍ ലോകത്തിന്റെ ശൈലിയിലാണ് നിങ്ങള്‍ അളന്നുകൊടുക്കുന്നതെങ്കില്‍ നിങ്ങള്‍ക്ക് തിരികെ കിട്ടുന്നതും ലോകത്തിന്റെ ശൈലിയില്‍ തന്നെയായിരിക്കും. സാന്താമാര്‍ത്തയില്‍ വചനസന്ദേശം നല്കിക്കൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.
ഒരു ക്രിസ്ത്യാനിയുടെ അളവ് ക്രിസ്തുവിന്റെ പ്രബോധനങ്ങള്‍ക്ക് അനുസൃതമായിരിക്കണം. ജീവിതത്തിലൂടെ ക്രിസ്തുവിന്റെ സ്‌നേഹവും കാരുണ്യവും അളന്നുകൊടുക്കുന്നവന് അതേ അളവില്‍ സ്‌നേഹവും കാരുണ്യവും തിരിച്ചും അളന്നുകിട്ടും. ചിലപ്പോള്‍ അതിലും കൂടുതല്‍ കിട്ടിയെന്നുമിരിക്കും.
എന്നാല്‍ ലോകത്തിന്റെ ശൈലിയില്‍ പിശുക്കും ലുബ്ധും തട്ടിപ്പും വഞ്ചനയുമാണ് നാം അളന്നുകൊടുക്കുന്നതെങ്കില്‍ നമുക്ക് തിരികെ കിട്ടുന്നതും അതുതന്നെയായിരിക്കും. കൊടുക്കുന്നതാണ് നമുക്ക് തിരിച്ചുകിട്ടുന്നതെന്ന് ആരും മറന്നുപോകരുത്. അതുകൊണ്ട് പങ്കുവയ്ക്കലില്‍ ഉദാരമായ അളവ് സ്വീകരിക്കുക. പാപ്പ ഓര്‍മ്മിപ്പിച്ചു.