വത്തിക്കാന്‍ സിറ്റി: ഇറാക്ക് സന്ദര്‍ശിക്കാനുള്ള ആഗ്രഹം വീണ്ടും പ്രകടിപ്പിച്ചുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇന്നലെ ഇറാക്കിന് വേണ്ടി പൊതുദര്‍ശന വേളയില്‍ പ്രാര്‍ത്ഥിക്കുന്ന അവസരത്തിലാണ് പാപ്പ തന്റെ ആഗ്രഹം ആവര്‍ത്തിച്ചത്.
ഈ വര്‍ഷം പാപ്പ ഇറാക്ക് സന്ദര്‍ശിക്കാന്‍ ഇതിനു മുമ്പും ആഗ്രഹം അറിയിച്ചിരുന്നു. എന്നാല്‍ പാപ്പയുടെ സന്ദര്‍ശനം ഈ വര്‍ഷം സാധ്യമാകില്ല എന്നുതന്നെയാണ് വത്തിക്കാന്‍ വക്താവ് മാറ്റോ ബ്രൂണിയുടെ നിലപാട്.
2018 ലെ ക്രിസ്തുമസ് സീസണില്‍ ഇറാക്ക സന്ദര്‍ശിച്ച വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പെട്രോ പരോലിന്‍ വ്യക്തമാക്കിയത് പാപ്പയുടെ ഇറാക്ക് സന്ദര്‍ശനം നിലവിലുള്ള സാഹചര്യത്തില്‍ ഒട്ടും സുരക്ഷിതമല്ല എന്നുതന്നെയാണ്. ആഭ്യന്തരയുദ്ധം, കുര്‍ദിഷ് സംഘര്‍ഷം എന്നിങ്ങനെ നിരവധിയായ കാരണങ്ങള്‍ രാജ്യത്ത് നിലനില്ക്കുന്ന സാഹചര്യത്തിലാണ് സന്ദര്‍ശനം അസാധ്യമായി തുടരുന്നത്.
എല്ലാ അപകടസാധ്യതകളെയും മറികടന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ഇറാക്ക് സന്ദര്‍ശിച്ചാല്‍ അത് ചരിത്രമായിരിക്കും. കാരണം ഇതുവരെയും ഒരു മാര്‍പാപ്പയും ഇറാക്ക് സന്ദര്‍ശിച്ചിട്ടില്ല.