മാംഗ്ലൂര്: ആത്മഹത്യാ പ്രതിരോധ ബോധവല്‍ക്കരണവുമായി മാംഗ്ലൂര്‍ രൂപത. ഇന്നലെ നോ സൂയിസൈഡ് ഡേ ആയി ആചരിച്ച രൂപത വിവിധ പരിപാടികളാണ് ഇതോട് അനുബന്ധിച്ച് നടപ്പിലാക്കിയത്. യുവജനങ്ങളുടെയിടയിലും വിദ്യാര്‍ത്ഥികളുടെയിടയിലും ആത്മഹത്യാ നിരക്ക് അപകടകരമായ വിധത്തില്‍ വര്‍ദ്ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ആത്മഹത്യാബോധവല്‍ക്കരണ ദിനം ആചരിക്കാന്‍ രൂപത തീരുമാനിച്ചത്.
ഇത് സംബന്ധിച്ച് ബിഷപ് പീറ്റര്‍ സാല്‍ദാന രൂപതയിലെ 112 ഇടവകകളിലേക്ക് കത്തുകളും അയച്ചു. ഈ വര്‍ഷം ജീവന്റെ വര്‍ഷമായും പ്രഖ്യാപിച്ചിട്ടുണ്ട്. ലൗദാത്തോ സീ കമ്മറ്റിയാണ് ബോധവല്‍ക്കരണ പരിപാടികള്‍ ഇടവകകള്‍ തോറും സംഘടിപ്പിച്ചിരിക്കുന്നത്. 14 നും 25 നും ഇടയില്‍ പ്രായമുള്ള അഞ്ചു ശതമാനം കുട്ടികള്‍ ഈ വര്‍ഷം ആത്മഹത്യാശ്രമം നടത്തിയതായിട്ടാണ് പഠനങ്ങള്‍ പറയുന്നത്. 6,79 ശതമാനം കുട്ടികളില്‍ ആത്മഹത്യ ചിന്തകളുമുണ്ട്. ജീവന്‍ ദൈവികദാനമാണ്.
ഏതു കാരണം കൊണ്ടും അത് നശിപ്പിക്കാന്‍ വ്യക്തികള്‍ക്ക് അവകാശമില്ല. ഓരോ പ്രശ്‌നത്തിനും അതിന്റേതായ പരിഹാരമാര്‍ഗ്ഗങ്ങളുമുണ്ട്. സംഘാടകരിലൊരാളായ ഫാ. ഓസ്റ്റിന്‍ പീറ്റര്‍ പറയുന്നു.