കേരളസഭയുടെ അനുഗ്രഹാശീര്‍വാദങ്ങളോടെ ആരംഭിക്കുന്ന ഷെക്കെയ്‌ന ടിവിക്ക് വേണ്ടി ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള മലയാളി സമൂഹം ഏകമനസ്സോടെ പ്രാര്‍ത്ഥനയില്‍ പങ്കുചേരുന്നു. കേരളം കൂടാതെ ഇംഗ്ലണ്ട്, അമേരിക്ക,മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലുള്ള പ്രാര്‍ത്ഥനാക്കൂട്ടായ്മകളും ഷെക്കെയ്‌ന ടിവിയുടെ നിയോഗാര്‍ത്ഥം പ്രാര്‍ത്ഥനകളിലാണ്. ആരാധനകളും മധ്യസ്ഥപ്രാര്‍ത്ഥനകളും വൈദികരുടെയും അല്മായരുടെയും നേതൃത്വത്തില്‍ ഷെക്കെയ്‌ന ടിവിക്കുവേണ്ടി ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നു.
ഇതുകൂടാതെ ഷെക്കെയ്‌ന ടിവി ടീമും പ്രാര്‍ത്ഥനയിലാണ്. തങ്ങള്‍ നടത്തുന്നത് ആത്മീയപോരാട്ടമാണെന്നും പ്രാര്‍ത്ഥനയുടെ കവചമണിഞ്ഞാണ് യുദ്ധം ചെയ്യേണ്ടതെന്നും ഷെക്കെയ്‌ന ടിവിക്ക് നേതൃത്വം നല്കുന്ന, മിനിസ്ട്രിയുടെ അമരക്കാരനായ ബ്ര.സന്തോഷ് കരുമത്രയ്ക്കും അറിയാം.
കഴിഞ്ഞ ആഴ്ച അഭിഷേകാഗ്നി കുന്നില്‍ പ്രസിദ്ധ വചനപ്രഘോഷകരായ ഫാ. സേവ്യര്‍ഖാന്‍ വട്ടായിലും ഫാ. ബിനോയി കരുമരുതങ്കലും കൂടി ഷെക്കെയ്‌ന ടിവി പ്രവര്‍ത്തകര്‍ക്കുവേണ്ടി പ്രത്യേക ധ്യാനം നടത്തിയിരുന്നു. വൈകുന്നേരം അഞ്ചു മണിമുതല്‍ രാത്രി ഒമ്പതു മണിവരെ നടന്ന ധ്യാനത്തില്‍ ബ്ര.സന്തോഷ് കരുമത്രയുള്‍പ്പടെയുള്ള ടിവി ടീം മുഴുവന്‍ പങ്കെടുത്തിരുന്നു. ഈ ടിവിയുടെ പ്രാധാന്യവും പ്രസക്തിയും മനസ്സിലാക്കിയതുകൊണ്ടുതന്നെയാണ് വട്ടായിലച്ചന്‍ ഇത്തരമൊരു പ്രത്യേധ്യാനം നടത്തിയതെന്ന് നമുക്ക് സ്വഭാവികമായും മനസ്സിലാക്കാം.
ഏപ്രില്‍ 28 മുതലാണ് ഷെക്കെയ്‌ന ടിവി സംപ്രേഷണം ആരംഭിക്കുന്നത്. സീറോ മലബാര്‍ സഭാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഷെക്കെയ്‌ന മീഡിയ ആസ്ഥാനത്ത് ഉച്ചകഴിഞ്ഞ് 2.30ന് ചാനലിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും. വിനോദ – വാര്‍ത്ത ചാനല്‍ ലൈസന്‍സോടെയാണ് ഷെക്കെയ്‌ന ടിവി പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഇതോടെ കേരളസഭയുടെ തനതായ മുഖവും ശബ്ദവും പ്രകടമാക്കുന്ന ആദ്യത്തെ ടിവി ചാനല്‍ എന്ന ഖ്യാതി ഷെക്കെയ്‌നക്ക് സ്വന്തമാകും.
ഈ ചാനലിന് വേണ്ടി പ്രാര്‍ത്ഥിക്കേണ്ട ഉത്തരവാദിത്തം നാം ഓരോരുത്തര്‍ക്കുമുണ്ട്. നമ്മുടെ ഓരോരുത്തരുടെയും പ്രാര്‍ത്ഥനകള്‍ ബ്ര. സന്തോഷ് കരുമത്ര അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.
പ്രാര്‍ത്ഥനകളോടെ നമുക്ക് ഷെക്കെയ്‌ന ടിവിയെ എതിരേല്ക്കാം, അതിന് വേണ്ടി കാത്തിരിക്കാം.