കൊച്ചി: ജീവന്റെ സംസ്‌കാരം പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരളസഭ ആവിഷ്‌ക്കരിക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായി നാലാമത്തെ കുഞ്ഞിനെ മുതല്‍ മെത്രാന്മാര്‍ അതാത് ഇടവകപ്പള്ളിയിലെത്തി മാമ്മോദീസാ മുക്കും.
രണ്ടില്‍കൂടുതല്‍ മക്കളുള്ള ദമ്പതിമാരെ സഭ പ്രോത്സാഹിപ്പിക്കും മൂന്നാമത്തെ പ്രസവം മുതല്‍ സഭാവക ആശുപത്രികളില്‍ പ്രസവത്തിനും ശുശ്രൂഷയ്ക്കും പണം ഈടാക്കുകയില്ല , സഭയുടെ ആശുപത്രികളില്‍ ഗര്‍ഭച്ഛിദ്രം അനുവദിക്കുകയില്ല തുടങ്ങിയവയും ഇതിന്റെ ഭാഗമായി നടപ്പിലാക്കും. പ്രോലൈഫ് പ്രസ്ഥാനം കേരളസഭയില്‍ ആഴത്തില്‍ വേരുപിടിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരത്തിലുള്ള തീരുമാനങ്ങള്‍ കൈക്കൊണ്ടിരിക്കുന്നത്.
നിലവില്‍ താമരശ്ശേരി, കോഴിക്കോട്, തൃശൂര്‍, വരാപ്പുഴ, ആലപ്പുഴ, ഇടുക്കി രൂപതകളിലാണ് പ്രോലൈഫ് പ്രസ്ഥാനം ശക്തിപ്രാപിച്ചിരിക്കുന്നത്.
15 വര്‍ഷമായി പ്രോലൈഫ് പ്രസ്ഥാനം ഇന്ത്യയില്‍ ആരംഭിച്ചിട്ട്. എങ്കിലും മറ്റ് രാജ്യങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇനിയും ഇന്ത്യയില്‍ പ്രോലൈഫ് പ്രസ്ഥാനം വേണ്ടത്ര ശക്തിപ്രാപിച്ചിട്ടില്ല എന്നാണ് പൊതുനിരീക്ഷണം.