Monday, November 4, 2024
spot_img
More

    വണക്കമാസം പതിനഞ്ചാം ദിവസം; കോവിഡ് മൂലം തൊഴില്‍ നഷ്ടമായ എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കാം

    ബദ് ലഹേമിലേക്കുള്ള യാത്ര

    പ.കന്യക എലിസബത്തിന്‍റെ ഭവനത്തില്‍ നിന്നും തിരിച്ച് നസ്രസ്സില്‍ എത്തിയപ്പോള്‍ യൗസേപ്പിതാവിനെ ചില ആശങ്കകള്‍ അലട്ടി. എന്നാല്‍ ദൈവദൂതന്‍ സ്വപനത്തില്‍ പ്രത്യക്ഷപ്പെട്ടു കൊണ്ട് വി.യൗസേപ്പിനെ ഇപ്രകാരം അറിയിച്ചു. യൗസേപ്പേ, നീ ഭയപ്പെടേണ്ട നിന്‍റെ ഭാര്യയില്‍ ഉത്ഭവിച്ചിരിക്കുന്ന ശിശു പരിശുദ്ധാത്മാവിനാലത്രേ. നീ അവന് ഈശോ എന്നു പേരിടണം. അവന്‍ തന്‍റെ ജനത്തെ അവരുടെ പാപങ്ങളില്‍ നിന്നും മോചിക്കും. (വി.മത്താ. 1:18-25) ദൂതന്റെ ഈ വാക്കുകൾ മൂലം വി.യൗസേപ്പിന്‍റെ സംശയങ്ങള്‍ ദുരീകൃതമായി. തിരുക്കുടുംബത്തില്‍ വലിയ സമാധാനവും സന്തുഷ്ടിയും പരസ്പര സ്നേഹവും വിശ്വാസവും കളിയാടി.

    തദവസരത്തില്‍ റോമാചക്രവര്‍ത്തി അഗസ്റ്റസ് സീസര്‍ അദ്ദേഹത്തിന്‍റെ പ്രജകളുടെ സെന്‍സ് എടുക്കുവാന്‍ കല്‍പന പ്രഖ്യാപിച്ചു. യൗസേപ്പു ദാവീദ് ഗോത്രജനായിരുന്നതിനാല്‍ നസ്രസില്‍ നിന്നും ദാവീദിന്‍റെ പട്ടണമായ ബെത്ലെഹത്തെയ്ക്കു പരിശുദ്ധ മറിയത്തെയും കൂട്ടി പുറപ്പെട്ടു. ലൗകികാധികാരികളുടെ കല്‍പനയില്‍ ദൈവഹിതം ദര്‍ശിച്ചു കൊണ്ട് മേരിയും വി.യൗസേപ്പും ബെത്ലെഹത്തിലേക്കു പോയി. പ.കന്യക പൂര്‍ണ ഗര്‍ഭിണിയായിരുന്നതിനാല്‍ വേണമെങ്കില്‍ ബെത്ലെഹത്തിലേക്കു പോകുന്നതില്‍ നിന്നും ഒഴിവു ലഭിക്കുമായിരുന്നു.

    എന്നാല്‍ പ.കന്യകയും ദൈവഹിതത്തോടുള്ള പരിപൂര്‍ണ്ണ‍മായ വിശ്വസ്തത പ്രകടിപ്പിക്കുകയാണ്. സുദീര്‍ഘവും ക്ലേശകരവുമായിരുന്നു യാത്ര. നൂറ്റാണ്ടുകള്‍ക്കു മുമ്പ് മിക്കയാസ് പ്രവാചകന്‍ വഴി ദൈവം ഇപ്രകാരം അരുളിച്ചെയ്തിരുന്നു. “ബെത്ലെഹമേ, നീ യൂദായുടെ രാജാക്കളില്‍ ഒട്ടും ചെറുതല്ല. എന്തെന്നാല്‍ നിന്നില്‍ നിന്ന്‍ പിറക്കുന്നവന്‍ എന്‍റെ ജനമായ ഇസ്രായേലിനെ മേയിക്കും.” ഇപ്രകാരമുള്ള പ്രവചനം സാര്‍ത്ഥകമാകുവാനാണ് റോമന്‍ സാമ്രാജ്യം വഴി ദൈവം ലോകത്തെ മുഴുവന്‍ ഇളക്കി മറിച്ചത്.

    വി.യൗസേപ്പും പ.കന്യകാമറിയവും യാത്രാക്ലേശത്താല്‍ പരിക്ഷീണരായി വിശ്രമത്തിന് പരിചിതരുടെയും ബന്ധുക്കളുടെയും വീടുകളില്‍ അഭയം അന്വേഷിച്ചു. പക്ഷെ ഇവിടെ സ്ഥലമില്ല എന്നുള്ള മറുപടിയാണ് അവർക്ക് ലഭിച്ചത്. അവസാനം അവര്‍ സത്രങ്ങളുടെയും വാതിലുകള്‍ മുട്ടി. അവിടെയും സ്ഥലം ലഭിക്കാതിരുന്നതിനാല്‍ അവർ ഭഗ്നാശരായി കദനഭാരത്തോടുകൂടി കന്നുകാലി തൊഴുത്തിൽ അഭയം തേടി. വി.യൗസേപ്പിനും പ.കന്യകയ്ക്കും അതു വളരെ മര്‍മ്മഭേദകമായിരുന്നു.

    ദൈവം അവിടുത്തെ ദിവ്യകുമാരന്‍റെ ആഗമനത്തിനു ലോകത്തെ അനേക സഹസ്രാബ്ദങ്ങള്‍ ഒരുക്കിയിട്ടും അവിടുന്ന്‍ ലോകത്തില്‍ അവതീര്‍ണ്ണനായപ്പോള്‍ അവിടുത്തെ വന്നു പിറക്കുവാന്‍ സ്ഥലമില്ല എന്നുള്ള വസ്തുതയാണ് നാം കാണുന്നത്. ഇത് ദിവ്യജനനിക്ക് എത്ര വേദനാജനകമായിരുന്നുവെന്ന് ചിന്തിച്ചു നോക്കൂ. ഇന്നത്തെ ലോകത്തിലും മതങ്ങളുടെ, സാമൂഹ്യസാമ്പത്തിക, സാംസ്ക്കാരിക വിദ്യാഭ്യാസ രാഷ്ട്രീയ മണ്ഡലങ്ങളില്‍ നിന്നും ക്രിസ്തുവിനെ ബഹിഷ്ക്കരിച്ച് ക്രിസ്തുവില്ലാത്ത ഒരു വ്യവസ്ഥിതി കെട്ടിപ്പടുക്കുവാന്‍ പരിശ്രമിക്കുകയാണ്. അതിനാല്‍ പ.കന്യകയിലൂടെ ക്രിസ്തുവിനെ വീണ്ടും പ്രസ്തുത രംഗങ്ങളിലെല്ലാം പ്രതിഷ്ഠിക്കുവാന്‍ നമുക്ക് പരിശ്രമിക്കാം. ക്രിസ്തുവിന്‍റെ ആദ്യത്തെ ആഗമനത്തിനു മേരി കളമൊരുക്കിയെന്ന യാഥാർഥ്യം വീണ്ടും മനസ്സിൽ കൊണ്ട് വരാം.

    സംഭവം

    അമലോത്ഭവനാഥയുടെ തീർത്ഥാടന കേന്ദ്രമായ ലൂര്‍ദ്ദില്‍ ദൈവജനനി നിരവധി അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി ലൂയിസ് ബൊയോ എന്ന മനുഷ്യന്‍ കേട്ടു. ഖനി ജോലിക്കാരനായ അയാളുടെ കാഴ്ച ശക്തി ഇരുപതുവര്‍ഷം മുമ്പ് ഒരു അപകടം മൂലം നഷ്ടമായതാണ്. ഗ്രോട്ടോയില്‍ പ്രത്യക്ഷപ്പെട്ടത് ദൈവജനനി ആയിരിക്കണം. അവിടുത്തെ അത്ഭുത നീരുറവയിലെ വെള്ളമുപയോഗിച്ചാല്‍ എന്‍റെ കണ്ണുകള്‍ക്ക് കാഴ്ചയുണ്ടാകും എന്നയാള്‍ വിശ്വസിച്ചു. മോസാബായിലെ ഉറവയില്‍ നിന്നു കുറച്ചു വെള്ളം കൊണ്ടുവരാൻ സ്വപുത്രിയെ വിളിച്ച് അയാള്‍ പറഞ്ഞു. അവൾ അവിടെ ചെന്നു വെള്ളം കൊണ്ടുവന്നു. ദിവ്യജനനിയുടെ സഹായം അപേക്ഷിക്കുകയും  ചെളി നിറഞ്ഞ ആ വെള്ളം കൊണ്ട് ലൂയിസ് സ്വന്തം കണ്ണുകള്‍ കഴുകുകയും ചെയ്തു. 

    ഉടനെതന്നെ അയാള്‍ സന്തോഷപൂര്‍വ്വം വിളിച്ചു പറഞ്ഞു: “എന്‍റെ കണ്ണിന് കാഴ്ച ലഭിച്ചു.” ലൂയീസിന്‍റെ അത്ഭുതവും ആനന്ദവും അതിരറ്റതായിരുന്നു. അവിടെ കൂടിയിരുന്നവരും അത്ഭുതസ്തബ്ധരായി. അയാള്‍ ഒരു‍ നിമിഷം പോലും താമസിക്കാതെ ഡോ. ഡോനസിന്‍റെ വസതിയിലേക്ക് പാഞ്ഞു. 

    ഡോക്ടറെ കണ്ട മാത്രയില്‍ അയാള്‍ മതി മറന്ന് ഉന്‍മത്തനെപ്പോലെ വിളിച്ചു പറഞ്ഞു: ഡോക്ടര്‍ എന്‍റെ കണ്ണിന് കാഴ്ച ലഭിച്ചിരിക്കുന്നു. “ലൂയിസേ അതു സാദ്ധ്യമല്ല. നിന്‍റെ കണ്ണ്‍ യാതൊരു ചികിത്സ കൊണ്ടും സുഖപ്പെടാവുന്നതല്ല.” ഡോക്ടര്‍ പ്രതിവചിച്ചു. പക്ഷെ തന്‍റെ കണ്ണുകള്‍ ലൂര്‍ദ്ദിലെ വെള്ളം കൊണ്ട് കഴുകിയ വിവരം അയാള്‍ ഡോക്ടറെ പറഞ്ഞു മനസ്സിലാക്കി. ഡോക്ടര്‍ ഡോനാസ് വളരെ സൂക്ഷ്മതയോടെ കണ്ണു പരിശോധിച്ചു കണ്ണിനു ശരിയായ കാഴ്ച ലഭിച്ചിരിക്കുന്നതായി അദ്ദേഹം പ്രഖ്യാപിച്ചു. മനുഷ്യശക്തിക്ക് അസാധ്യമായ ഒരു കാര്യമാണ് ഇവിടെ നടന്നിരിക്കുന്നതെന്നും വിദഗ്ദ്ധനായ ആ ഡോക്ടര്‍ എല്ലാവരുടെയും മുന്നിൽ പ്രസ്താവിച്ചു.

    പ്രാര്‍ത്ഥന:

    പ.കന്യകയെ, അങ്ങേ വിരക്ത ഭര്‍ത്താവായ യൗസേപ്പിനോടു കൂടി ബെത്ലഹെത്തു ചെന്ന്‍ വാസസ്ഥലമന്വേഷിച്ചിട്ടു ലഭിക്കാതിരുന്നതിനാല്‍ വളരെയധികം ക്ലേശങ്ങള്‍ സഹിച്ചുവല്ലോ. എങ്കിലും അവിടുന്ന്‍ ദൈവതിരുമനസ്സിന് വിധേയമായി അവയെല്ലാം സന്തോഷപൂര്‍വ്വം സഹിച്ചു. ഞങ്ങളുടെ ജീവിതത്തിലുണ്ടാകുന്ന വിഷമതകളും അസൗകര്യങ്ങളും ക്ഷമാപൂര്‍വ്വം സഹിക്കുന്നതിന് അങ്ങയുടെ മാതൃക ഞങ്ങള്‍ക്ക് പ്രചോദനമരുളട്ടെ. ആധുനികലോകം അവിടുത്തെ തിരുക്കുമാരനെ ജീവിതത്തിന്‍റെ വിവിധ മണ്ഡലങ്ങളില്‍ നിന്നു ബഹിഷ്ക്കരിച്ചിരിക്കുകയാണല്ലോ. പ്രസ്തുത രംഗങ്ങളിലെല്ലാം അങ്ങേ തിരുക്കുമാരന് പ്രവേശനം നല്‍കുവാന്‍ അങ്ങ് ഞങ്ങളെ പ്രാപ്തരാക്കേണമേ. പ്രത്യേകമായി ഞങ്ങളുടെ ഹൃദയങ്ങളില്‍ അവിടുത്തെ രാജാവായി ജനങ്ങള്‍ അഭിഷേചിക്കട്ടെ. അങ്ങും അങ്ങേ ദിവ്യസുതനും ഞങ്ങളില്‍ ഭരണം നടത്തണമേ.

    എത്രയും ദയയുള്ള മാതാവേ

    ലുത്തീനിയ

    പരിശുദ്ധ ദൈവമാതാവിനോടുള്ള അപേക്ഷ

    പാപികളുടെ സങ്കേതമേ! തിരുസഭയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

    1 നന്മ.

    പാപികളുടെ സങ്കേതമേ!വിജാതികള്‍ മുതലായവര്‍ മനസ്സു തിരിയുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമേ.

    1 നന്മ.

    പാപികളുടെ സങ്കേതമേ! രാഷ്ട്രീയാധികാരികള്‍ സത്യവും നീതിയും പാലിക്കുന്നതിനു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

    1 നന്മ.

    പാപികളുടെ സങ്കേതമേ! മാര്‍പാപ്പ മുതലായ തിരുസഭാധികാരികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

    1 നന്മ.

    പാപികളുടെ സങ്കേതമേ! അങ്ങേ പ്രിയ മക്കളായിരിക്കുന്ന ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

    1 നന്മ.

    സുകൃതജപം

    സ്വര്‍ഗ്ഗരാജ്ഞി, ഞങ്ങളെ സ്വര്‍ഗ്ഗീയ ഭാഗ്യത്തിനര്‍ഹമാക്കേണമേ.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!