വത്തിക്കാന്‍ സിറ്റി: ഈശോയുടെ മാതാവായ പരിശുദ്ധ മറിയത്തെ പോലെ ദൈവഹിതത്തിന് പൂര്‍ണ്ണമായും കീഴടങ്ങാന്‍ നാം തയ്യാറാണോയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ലോക മിഷന്‍ ദിനത്തോട് അനുബന്ധിച്ച് നല്കിയ സന്ദേശത്തിലായിരുന്നു പാപ്പ ഇക്കാര്യം ചോദിച്ചത്.
നാം നമ്മോട് തന്നെ ചോദിക്കുക, നമ്മുടെ ജീവിതത്തിലേക്ക് പരിശുദ്ധാത്മാവിനെ സ്വാഗതം ചെയ്യാന്‍ നാം തയ്യാറെടുപ്പുകള്‍ നടത്തുന്നുണ്ടോ, മിഷനുള്ള വിളി നാം കേള്‍ക്കുന്നുണ്ടോ, നാം വിവാഹിതരോ സമര്‍പ്പണ ജീവിതം നയിക്കുന്നവരോ വൈദികരോ ആരുമായിക്കൊള്ളട്ടെ അനുദിന ജീവിതത്തിലെ വിവിധ സംഭവങ്ങളില്‍ നാം നമ്മുടെ ദൗത്യത്തിനുള്ള വിളി കേള്‍ക്കുന്നുണ്ടോ?
ലോക മിഷന്‍ ഡേ , മിഷന്‍ ഞായര്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഒക്ടോബര്‍ 18 നാണ് ഇത്തവണ മിഷന്‍ ഞായര്‍ ആഘോഷിക്കുന്നത്. ഇതാ ഞാന്‍ അയച്ചാലും എന്ന ഏശയ്യ 6:8 വാക്യമാണ് ഇത്തവണത്തെ മിഷന്‍ ഞായര്‍ ആപ്തവാക്യമായി തിരഞ്ഞെടുത്തിരി്ക്കുന്നത് കോവിഡ് 19 ന്റെ സാഹചര്യത്തില്‍ ഈ വിഷയം ഏറെ പ്രസക്തമാണെന്ന് പാപ്പ വ്യക്തമാക്കി.
ആരെ ഞാന്‍ അയ്ക്കും എന്ന കര്‍ത്താവിന്റെ ചോദ്യത്തിനുള്ള എക്കാലത്തെയും പുതിയപ്രതികരണമാണ് ഇത്. സഭയും മനുഷ്യവംശവും നിലവിലുള്ള പ്രതിസന്ധികളെ നേരിടുമ്പോള്‍ ദൈവത്തിന്റെ കരുണനിറഞ്ഞ ഹൃദയത്തില്‍ നിന്നാണ് ഈ ചോദ്യം ഉയരുന്നത്. ആരെ ഞാന്‍ അയ്ക്കും? പിതാവായ ദൈവം അയച്ച മിഷനറിയായിരുന്നു ക്രിസ്തുവെന്നും പാപ്പ പറഞ്ഞു.
തന്റെ ക്രൂശുമരണവും ഉത്ഥാനവും വഴി ക്രിസ്തു നമ്മെ ക്ഷണിക്കുന്നത് അവിടുത്തെ സ്‌നേഹദൗത്യത്തില്‍ പങ്കാളികളാകാനാണ്. പാപ്പ പറഞ്ഞു.