വത്തിക്കാന്‍സിറ്റി: സാത്താന്‍ എപ്പോഴും നമ്മെ പ്രലോഭിപ്പിക്കുന്നുവെന്നും ദുഷ്ടാരൂപി നമ്മെ ക്രിസ്തുവില്‍ നിന്നും കുരിശില്‍ നിന്നും അകറ്റുന്നുവെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. കുരിശ് എന്നത് ദൈവസ്‌നേഹത്തിന്റെ വിശുദ്ധ അടയാളമാണെന്നും അതൊരിക്കലും അലങ്കാരമല്ലെന്നും പാപ്പ പറഞ്ഞു.
വെറുമൊരു വസ്തുവായോ കഴുത്തിനെ അലങ്കരിക്കുന്ന ആഭരണമായോ കുരിശിനെ ചുരുക്കരുത്. വിശുദ്ധ മത്തായിയുടെ സുവിശേഷത്തെ ആസ്പദമാക്കി ഇന്നലെ വചനസന്ദേശം നല്കുകയായിരുന്നു പാപ്പ. ഇതൊരിക്കലും നിനക്ക് സംഭവിക്കാതിരിക്കട്ടെ എന്നാണ് പത്രോസ് ക്രിസ്തുവിനോട് പറയുന്നത്. പത്രോസ് ക്രിസ്തുവില്‍ വിശ്വസിച്ചു, അവിടുത്തെ അനുഗമിക്കാനും ആഗ്രഹിച്ചു.
പക്ഷേ ക്രിസ്തുവിന്റെ മഹത്വം അവിടുത്തെ പീഡാസഹനത്തിലൂടെയാണ് വരുന്നതെന്ന് പത്രോസ് ഒരിക്കലും അംഗീകരിച്ചിരുന്നില്ല. പത്രോസും മറ്റു ശ്ലീഹന്മാരും നാമുള്‍പ്പടെ എല്ലാവര്‍ക്കും കുരിശ് അസ്വീകാര്യമാണ്. ക്രിസ്തു പിതാവിന്റെ ഹിതം നടപ്പിലാക്കി. ഇതിന് വിരുദ്ധമായി പത്രോസ് പറഞ്ഞപ്പോഴാണ് ക്രിസ്തു സാത്താനേ ദൂരെ പോകുക എന്ന് പറഞ്ഞത്. നിന്റെ ചിന്തകള്‍ ദൈവികമല്ലെന്നും ക്രിസ്തു കുറ്റപ്പെടുത്തി. നമ്മുടെ കണ്ണുകള്‍ എപ്പോഴും കുരിശിലായിരിക്കണമെന്നും പാപ്പ ഓര്‍മ്മപ്പെടുത്തി.