കാക്കനാട്: സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം രാഷ്ട്രീയ പ്രവര്‍ത്തകരോ രാഷ്ട്രീയ നേതാക്കളോ മാധ്യമങ്ങളോട് പറയുന്ന കാര്യങ്ങള്‍ സീറോ മലബാര്‍ സഭയുടെയോ സഭാ തലവന്റെയോ അഭിപ്രായമല്ല എന്നും അവയൊക്കെ സ്വന്തം അഭിപ്രായങ്ങള്‍ മാത്രമാണെന്നും സീറോ മലബാര്‍ മേജര്‍ എപ്പിസ്‌ക്കോപ്പല്‍ ചര്‍ച്ചില്‍ നിന്നും പുറത്തിറക്കിയപ്രസ്താവന വ്യക്തമാക്കുന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ വിവിധ സാഹചര്യങ്ങളില്‍ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയുമായികണ്ടുമുട്ടുന്നതിന് മുന്‍കൂട്ടി അനുവാദം ചോദിക്കുകയും മൗണ്ട് സെന്റ് തോമസ് ചര്‍ച്ചയ്ക്കായി എത്താറുമുണ്ട്. എന്നാല്‍ പിന്നീട് മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ സഭാ തലവന്റെ നിലപാടുകള്‍ എന്ന രീതിയിലാണ് അവര്‍ കാര്യങ്ങള്‍ സംസാരിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിലാണ് പിആര്‍ ഒ ഫാ. എബ്രഹാം കാവില്‍പുരയിടം പ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നത്. ഏതെങ്കിലും വിഷയത്തില്‍ സഭയുടെയും സഭാതലവന്റെയും നിലപാട് വ്യക്തമാക്കേണ്ട ആവശ്യമുണ്ടാകുമ്പോള്‍ അത് ഉചിതമായ സമയത്ത് സഭയുടെ ഔദ്യോഗിക സംവിധാനങ്ങളിലൂടെ അറിയിക്കുന്നതായിരിക്കുംഎന്നും പത്രക്കുറിപ്പ് അറിയിച്ചു.