വത്തിക്കാന്‍ സിറ്റി: ഒമ്പത് ആഴ്ചകള്‍ക്ക് ശേഷം ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പൊതുദര്‍ശന പരിപാടികള്‍ വീണ്ടും റദ്ദാക്കി. നവംബര്‍ നാലുമുതല്‍ പാപ്പയുടെ പൊതുദര്‍ശന പരിപാടികള്‍ അപ്പസ്‌തോലിക് പാലസില്‍ നിന്ന് ലൈവ് വീഡിയോ ആയിട്ടായിരിക്കും ലഭ്യമാകുന്നത്. ഒക്ടോബര്‍ 21 ലെ ജനറല്‍ ഓഡിയന്‍സില്‍ പങ്കെടുത്തവരില്‍ ഒരാള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഈ തീരുമാനം.
ആറു മാസത്തെ ഇടവേളയ്ക്ക് ശേഷം സെപ്തംബര്‍ രണ്ടുമുതല്ക്കാണ് പാപ്പായുടെ ജനറല്‍ ഓഡിയന്‍സ് പുനരാരംഭിച്ചത്. എങ്കിലും കോവിഡ് കാലത്തിന് മുമ്പ് ഉണ്ടായിരുന്നതില്‍ നിന്ന് വ്യത്യസ്തമായിട്ടായിരുന്നു ഇത് ക്രമീകരിച്ചിരുന്നത്.
വത്തിക്കാന്‍ കണ്‍ട്രിയാര്‍ഡിന്റെ ചെറിയ അകംഭാഗത്ത് കേവലം 500 പേര്‍ക്ക് മാത്രം പങ്കെടുക്കാവുന്ന വിധത്തിലായിരുന്നു അത് ക്രമീകരിച്ചിരുന്നത്. സാമൂഹിക അകലം പാലിച്ചായിരുന്നു ആളുകള്‍ പങ്കെടുത്തിരുന്നത്.
ഒക്ടോബര്‍ 21 മുതല്‍ വിശ്വാസികളില്‍ നിന്ന് ശാരീരിക അകലം പാലിച്ചായിരുന്നു മാര്‍പാപ്പയും രംഗത്ത് വന്നിരുന്നത്. അകലം പാലിക്കുന്നതില്‍ അവരോട് പാപ്പ മാപ്പു ചോദിക്കുകയും ചെയ്തിരുന്നു. മാഡം കോവിഡിന്റെ അഭ്യര്‍ത്ഥനയെ മാനിച്ചാണ് ഇതെന്നും ഇല്ലെങ്കില്‍ നമുക്ക് അത് ദോഷം ചെയ്യുമെന്നും പാപ്പ വ്യക്തമാക്കിയിരുന്നു. വരും വര്‍ഷങ്ങളില്‍ ഹസ്തദാനം നടത്തുന്നതിനും അഭിവാദ്യം ചെയ്യുന്നതിനും കഴിയുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച പാപ്പ നിങ്ങളെല്ലാവരും എന്റെ ഹൃദയത്തിലുണ്ടെന്ന് ഓര്‍മ്മിപ്പിക്കാനും മറന്നില്ല.