ലാഹോര്‍: പാക്കിസ്ഥാനില്‍ പതിമൂന്നുകാരിയായ ക്രൈസ്തവ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മതപരിവര്‍ത്തനം നടത്തി വിവാഹം ചെയ്ത കേസിലുണ്ടായ കോടതി നടപടിക്കെതിരെ ക്രൈസ്തവര്‍ പ്രക്ഷോഭവുമായി മുന്നോട്ട്.
ഒക്ടോബര്‍ 13 നാണ് പകല്‍ വീടിന് സമീപത്തു നിന്ന് അര്‍സൂ രാജയെന്ന പതിമൂന്നുകാരിയെ അലി അസ്ഹര്‍ എന്ന 44 കാരന്‍ തട്ടിക്കൊണ്ടുപോയി മതം മാറ്റി വിവാഹം ചെയ്തത്. ഇതിനെതിരെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്കിയെങ്കിലും പെണ്‍കുട്ടി സ്വമേധയാ വിവാഹം ചെയ്തതാണെന്നും പ്രായപൂര്‍ത്തിയായവളാണെന്നുമായിരുന്നു പോലീസ് നിലപാട്. രണ്ടാഴ്ചകള്‍ക്ക് ശേഷം സിന്ധ് ഹൈക്കോടതി വിധിച്ചതും വിവാഹം നിയമാനുസൃതമാണെന്നും അലിയെ അറസ്റ്റ് ചെയ്യേണ്ട കാര്യമില്ല എന്നുമായിരുന്നു. കോടതിയുടെ ഈ വിധിക്കെതിരെയാണ് ക്രൈസ്തവര്‍ പ്രക്ഷോഭപരിപാടികള്‍ ആരംഭിച്ചിരിക്കുന്നത്.
ശൈശവ വിവാഹം പാക്കിസ്ഥാനില്‍ നിരോധിച്ചിരിക്കുകയാണ്. എന്നാല്‍ പെണ്‍കുട്ടി പ്രായപൂര്‍ത്തിയായവളാണെന്നാണ് കോടതി അവകാശപ്പെടുന്നത്. പെണ്‍കുട്ടിയുടെ പ്രായത്തെ ചൊല്ലിയുള്ള വ്യക്തത കോടതി ഉറപ്പുവരുത്തേണ്ടതുണ്ട്. ഇല്ലെങ്കില്‍ കോടതി തട്ടിക്കൊണ്ടുപോയവര്‍ക്ക് കൂട്ടുനില്ക്കുകയാണ് ചെയ്യുന്നത്. കോടതിയില്‍ സംഭവിച്ച കാര്യങ്ങള്‍ അപമാനകരമാണ്. കറാച്ചി അതിരൂപത വികാര്‍ ജനറല്‍ ഫാ. സലേഹ് ഡീഗോ പറഞ്ഞു.
രേഖകള്‍ പ്രകാരം പെണ്‍കുട്ടി ജനിച്ചത് 2007 ലാണ്. കോടതിയുടെ നിരുത്തരവാദിത്തപരമായ ഉത്തരവ് മൂലം പല ക്രൈസ്തവ പെണ്‍കുട്ടികളും ഭാവിയില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഇരകളായി മാറിയേക്കും എന്നതാണ് വാസ്തവം.