പ്രസ്റ്റണ്‍: നിത്യതയില്‍ ഞാന്‍ കര്‍ത്താവിനൊപ്പം ഉണ്ടായിരിക്കുമോയെന്ന് ഓരോരുത്തരും ആത്മശോധന നടത്തണമെന്ന് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍.
ഞാന്‍ ആരാണെന്നാണ് നിങ്ങള്‍ പറയുന്നതെന്ന ക്രിസ്തുവിന്റെ ചോദ്യത്തിന് നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ മിശിഹായാണ് എന്നാണ് പത്രോസ് മറുപടി പറയുന്നത്. എന്നാല്‍ മറ്റുള്ളവരാകട്ടെ ക്രിസ്തു, പ്രവാചകനാണെന്നും മറ്റുമാണ് മറുപടി പറയുന്നത്.കൃത്യമായ ഉത്തരം നല്കുന്നത് പത്രോസ് മാത്രമാണ്. പിതാവിന്റെ സത്തയാണ് പുത്രന്‍.
നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ മിശിഹായാണ്. ഇങ്ങനെയാണ് പത്രോസ് പറയുന്നത്. ഇത് ശരീര രക്തങ്ങളല്ല സംസാരിച്ചിരിക്കുന്നത്, സ്വര്‍ഗ്ഗസ്ഥനായ പിതാവ് നിനക്ക് വെളിപ്പെടുത്തിത്തന്നതാണ് ഇതെന്നാണ് ഈശോ അതിന് മറുപടി പറയുന്നത്. സ്വര്‍ഗ്ഗം വെളിപ്പെടുത്താതെ ആര്‍ക്കും സ്വര്‍ഗ്ഗസ്ഥനായ ദൈവത്തിന്റെ പുത്രനായ മിശിഹായാണ് ക്രിസ്തുവെന്ന് പറയാനാവില്ല.
സവിശേഷമായ തിരഞ്ഞെടുപ്പാണ് പത്രോസിന്റേത്. പത്രോസിന് ഇക്കാര്യം ഈശോ വെളിപെടുത്തിക്കൊടുക്കുകയാണ്. നമ്മള്‍ ആത്മശോധനചെയ്യേണ്ട കാര്യം ഇവിടെയാണ്. നാം ജനങ്ങളുടെ പ്രതിനിധിയാണോ, പത്രോസിന്റെ പ്രതിനിധിയാണോ. തിരുസഭയുടെ വിശ്വാസപ്രഘോഷണം നടത്തുന്ന വ്യക്തിയാണോ..
ഈശോയുടെ ശിഷ്യന്‍ ഈശോ ദൈവപുത്രനായ മിശിഹായാണെന്ന് തിരിച്ചറിയുന്ന വ്യക്തിയാണ്. ഈശോ പത്രോസിനെ തിരഞ്ഞെടുക്കുകയാണ്. ആ തിരഞ്ഞെടുപ്പ് ഒരു വിശ്വാസപ്രഖ്യാപനം കൂടിയാണ്. തിരുസഭ പണിയപ്പെടുന്നത് പത്രോസിന്റെ വിശ്വാസപ്രഖ്യാപനത്തിലാണ്. തിരുസഭയുടെ ഭാഗമാകാനുള്ള വിളിയാണ് നമുക്കുള്ളത്. പാറയാകണം നമുക്ക്. ഈശോയാകുന്ന മൂലക്കല്ലിന്മേല്‍ പണിതുയര്‍ത്തപ്പെടുന്ന ജീവനുള്ള കല്ലുകള്‍ വച്ച സൗധമാണ് തിരുസഭ.
പത്രോസിന്റെ അതേ വിശ്വാസപ്രഖ്യാപനം അതേ ദൗത്യം അത് തിരുസഭയിലെ ഓരോരുത്തര്‍ക്കുമുണ്ട്. വിളിയും ദൗത്യവും സ്വീകരിക്കുകയും നിര്‍വഹിക്കുകയും ചെയ്യുന്നവരാണ് തിരുസഭയുടെ ഭാഗഭാക്കുകളാകുന്നത്.
ഞാന്‍ ശിരസും നിങ്ങള്‍ ശരീരവുമാണ്. ഞാന്‍ ഇടയനും നിങ്ങള്‍ ആട്ടിന്‍ത്തൊഴുത്തുമാണ്. ഇതാണ് ക്രിസ്തു പറയുന്നത്. ഇവയൊന്നും വേര്‍പെടുത്താന്‍ കഴിയുന്ന കാര്യങ്ങളല്ല. നാം എന്തുകൊണ്ടാണ് പത്രോസിനെ പോലെ, മോശയെപോലെ, പൗലോസിനെ പോലെ സംസാരിക്കാത്തത്. കര്‍ത്താവുമായി മുഖാമുഖം കണ്ടവരായിരുന്നു മോശയും പത്രോസും. മണവാളനുമായി മുഖാമുഖം കാണാത്തതുകൊണ്ടാണ് നമുക്ക് അവരെപോലെ പറയാന്‍ കഴിയാതെ വരുന്നത്.
മണവാളനെ മുഖാമുഖം കണ്ടവര്‍ അണുവിട വ്യതിചലിക്കുന്നില്ല. അവരൊരിക്കലും സ്വന്തം കാര്യം അന്വേഷിക്കുന്നില്ല. കര്‍ത്താവിനൊപ്പം ഞാന്‍ നിത്യതയില്‍ ജീവിക്കുമോ. എനിക്ക് ഞാനാണോ മണവാളനാണോപ്രധാനം.. ഇത് നാം നമ്മോട് തന്നെ ചോദിക്കണം.
കുരിശുമരണത്തോളം തന്നെത്തന്നെ ഇല്ലാതാക്കിയവനാണ് ക്രിസ്തു. അനുസരിച്ചവനാണ്. മണവാട്ടിയും അങ്ങനെ തന്നെയാണ് ചെയ്യേണ്ടത്. ഞാന്‍ അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ ഫലം തരാത്ത വൃക്ഷം പോലെ ഞാന്‍ വെട്ടിമാറ്റപ്പെടും. മണവാട്ടി മണവാളന്റെപ്രതിരൂപമാണ്. പ്രതിബിംബമാകണം. കണ്ണാടിയില്‍ കാണുന്നതുപോലെയാണ് മണവാളനില്‍ നിന്ന് മണവാട്ടിയെ വേര്‍പെടുത്താന്‍ കഴിയാത്തവിധം ഒന്നായിരിക്കണം. മണവാളനും മണവാട്ടിയും ഒന്നായിത്തീര്‍ന്നിരിക്കുകയാണ്.
അതില്‍ ഞാനുണ്ടോ ഇല്ലയോ എന്ന് ആത്മശോധനയ്ക്കായിരിക്കണം നാം ദൈവാലയത്തില്‍ വരേണ്ടത്. കേട്ടതിരുവചനങ്ങള്‍ നമ്മില്‍ യാഥാര്ത്ഥ്യമാകുന്നുണ്ടോയെന്ന് ആത്മശോധനയും ചെയ്യണം. വിശുദ്ധ കുര്‍ബാനയി്ല്‍ സംഭവിക്കുന്നത് അതാണ്.
വിശുദ്ധ പത്രോസില്‍ നാം കാണുന്നത് അതാണ്. ഞാന്‍ എന്തുമാത്രം കാര്യങ്ങളാണ് സഹിച്ചതെന്നാണ് പത്രോസ് പറയുന്നത്. ഇതെല്ലാം എന്തിനാണ്,നിത്യതയില്‍ ക്രിസ്തുവിനോടൊപ്പം ആയിരിക്കാന്‍. മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു.