വത്തിക്കാന്‍ സിറ്റി: പ്രാര്‍ത്ഥന പ്രകാശവും ഊഷ്മളതയും പകരുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പൊതുദര്‍ശന വേളയില്‍ സന്ദേശം നല്കുകയായിരുന്നു അദ്ദേഹം.
ലോകത്തില്‍ സഭയുടെ ആദ്യ ചുവടുകള്‍ മുദ്രിതമായിരിക്കുന്നത് പ്രാര്‍ത്ഥനയിലൂടെയാണ്. സഭ പ്രേഷിതപ്രവര്‍ത്തനത്തിനുള്ള അടിസ്ഥാനവും പ്രചോദനവും കണ്ടെത്തുന്നത് പ്രാര്‍ത്ഥനായോഗങ്ങളിലാണ്. ജറുസലെമിലെ ആദിമ സമൂഹത്തിന്റെ ചിത്രം പ്രാര്‍ത്ഥനയുടെ പ്രാധാന്യമാണ് വെളിവാക്കുന്നത്.
സഭാ ജീവിതത്തിന്റെ അത്യന്താപേക്ഷിതമായ നാലു സവിശേഷതകള്‍ എന്തൊക്കെയാണെന്നും നാം അപ്പസ്‌തോലപ്രവര്‍ത്തനങ്ങളില്‍ വായിക്കുന്നു. അപ്പസ്‌തോലന്മാരുടെ പ്രബോധനങ്ങള്‍ ശ്രവിക്കലും പരസ്പര കൂട്ടായ്മ കാത്തുപരിപാലിക്കലും അപ്പം മുറിക്കലും പ്രാര്‍ത്ഥനയുമാണ് അവ. ക്രിസ്തുവുമായുള്ള ഐക്യത്തില്‍ ഉറച്ചുനില്‍ക്കുന്നെങ്കില്‍ മാത്രമേ സഭയുടെ അസ്തിത്വത്തിന് അര്‍ത്ഥമുള്ളൂ.
വിശുദ്ധ കുര്‍ബാനയില്‍ അവിടുന്നുണ്ട്. അവിടുന്ന് നമ്മോടുകൂടെ ജീവിക്കുകയും ചരിക്കുകയും ചെയ്യുന്നു. പരിശുദ്ധാത്മാവില്‍ ക്രിസ്തുവിലൂടെ പിതാവുമായുള്ള സംഭാഷണത്തിന്റെ വേദിയാണ് പ്രാര്‍ത്ഥന.