ബെയ്ജിംങ്: സ്‌കൂള്‍ ടെക്സ്റ്റ് ബുക്കുകളില്‍ ക്രിസ്തുവിനെക്കുറിച്ചു പുതിയ പൊളിച്ചെഴുത്തുമായി ചൈനീസ് യൂണിവേഴ്‌സിറ്റി. യൂണിവേഴ്‌സിറ്റി ഓഫ് ഇലക്ട്രോണിക് സയന്‍സ് ആന്റ് ടെക്‌നോളജി പ്രസ് പ്രസിദ്ധീകരിച്ച സെക്കന്ററി വൊക്കേഷനല്‍ സ്‌കൂളിലെ പാഠ്യപുസ്തകത്തിലാണ് ക്രിസ്തുവിനെ പാപികളെ കല്ലെറിഞ്ഞു കൊല്ലുന്നവനാകുന്നത്. ചൈനയിലെ കത്തോലിക്കരെ സംബന്ധിച്ച് വ്യാപകമായ പ്രതിഷേധത്തിനാണ് ഈ സംഭവം കാരണമായിരിക്കുന്നത്.
വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലാണ് പാപിനിയായ സ്ത്രീയെ കല്ലെറിഞ്ഞുകൊണ്ടുവരുന്ന ഭാഗം രേഖപ്പെടുത്തിയിരിക്കുന്നത്. നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ ഇവളെ കല്ലെറിയട്ടെ എന്ന ക്രിസ്തുവിന്റെ വാക്ക് കേട്ട് കല്ലെറിയാന്‍ വന്നവര്‍ കല്ലുപേക്ഷിച്ചു പോകുന്നതായും ഞാനും നിന്നെ വിധിക്കുന്നില്ല മേലില്‍ പാപം ചെയ്യരുത് എന്ന് ക്രിസ്തു പറയുന്നതായിട്ടുമുള്ള ബൈബിള്‍ ഭാഗത്തിനാണ് ചൈനീസ് പാഠപുസ്തകത്തിന് തുടര്‍ച്ച രേഖപ്പെടുത്തിയിരിക്കുന്നത്. ആള്‍ക്കൂട്ടം കല്ലുകളുപേക്ഷിച്ചു കടന്നുപോകുമ്പോള്‍ ക്രിസ്തു പാപിനിയെ കല്ലെറിഞ്ഞുകൊല്ലുന്നതായിട്ടാണ് പാഠഭാഗത്ത് ചിത്രീകരിച്ചിരിക്കുന്നത്.
പാഠഭാഗം ഒരാള്‍ സോഷ്യല്‍ മീഡിയായില്‍ പങ്കുവച്ചതോടെയാണ് ഇക്കാര്യം പുറം ലോകം അറിയുന്നത്. കത്തോലിക്കാസഭയെ അപമാനിക്കുന്നതാണ് ഈ വളച്ചൊടിക്കല്‍ എന്നതിന്റെ പേരില്‍വ്യാപകമായ പ്രതിഷേധമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.