Thursday, November 21, 2024
spot_img
More

    അപൂര്‍ണ്ണര്‍… പാപികള്‍.. പക്ഷേ ഇവര്‍ നമുക്ക് നല്കുന്ന പ്രത്യാശ വലുതാണ്

    മനുഷ്യവംശത്തിന്റെ രക്ഷയില്‍ നിര്‍ണ്ണായകമായ പങ്കുവഹിച്ചിട്ടുളളവരാണ് ബൈബിളിലെ ഓരോ കഥാപാത്രങ്ങളും. പൊതുവെയുള്ള നിരീക്ഷണത്തിലൂടെ നാം മനസ്സിലാക്കുന്നത് അവരെല്ലാം വിശുദ്ധരും പരിപൂര്‍ണ്ണരുമായ വ്യക്തികളാണെന്നാണ്.

    എന്നാല്‍ വിശുദ്ധഗ്രന്ഥത്തിലൂടെ ആഴത്തില്‍ കടന്നുപോകുമ്പോള്‍ നമുക്ക് മനസ്സിലാകുന്ന ഒരു കാര്യമുണ്ട്. വിശുദ്ധ ഗ്രന്ഥത്തിലെ അപൂര്‍വ്വം ചില കഥാപാത്രങ്ങള്‍ ഒഴികെ മറ്റുള്ളവരെല്ലാം പാപികളും ബലഹീനരും അപൂര്‍ണ്ണരുമായ വ്യക്തികളായിരുന്നു. ദൈവത്തെ മറന്ന് ജീവിച്ച ഒരു ഭൂതകാലം അവര്‍ക്കെല്ലാം ഉണ്ടായിരുന്നു.

    പക്ഷേ ദൈവികമായ ഒരു കൃപ അവരെ തേടി പ്രത്യേകമായി എത്തിയ നാള്‍ മുതല്ക്കാണ് അവരുടെ ജീവിതം നേര്‍രേഖയിലായത്. സാവൂള്‍ എന്ന പൗലോസ് അപ്പസ്‌തോലന്‍ തന്നെ പ്രധാനപ്പെട്ട ഉദാഹരണം. സ്‌തേഫാനോസിനെ കല്ലെറിഞ്ഞുകൊല്ലാന്‍ മുന്നില്‍ നിന്നിരുന്ന ആളായിരുന്നു സാവൂള്‍. പക്ഷേ ദൈവം അദ്ദേഹത്തെ ഓടിച്ചിട്ടുപിടിച്ചു. അതോടെ തീക്ഷ്ണമതിയായ അപ്പസ്‌തോലനായി സാവൂള്‍ രൂപാന്തരപ്പെട്ടു.

    പലവിധത്തിലുള്ള കുറവുകളുളള വ്യക്തിയായിരുന്നു മോസസ്. കൊലപാതകി കൂടിയായിരുന്നു അയാള്‍. പോരാഞ്ഞ് വിക്കനും. എന്നിട്ടും മോശയെ ആണ് ദൈവം നേതാവായി തിരഞ്ഞെടുത്തത്. ദൈവം മോശയുടെ കുറവുകളെ നോക്കിയില്ല. കുറവുകള്‍ കൊടുത്തത് ദൈവമാണെങ്കില്‍ അത് പരിഹരിക്കാനും ദൈവത്തിന് അറിയാം.

    വിഷാദത്തിലൂടെ കടന്നുപോകുന്നവരാണ് നാം എല്ലാവരും തന്നെ. അത്തരം അവസരത്തില്‍ന ാം ഓര്‍ക്കേണ്ട വ്യക്തിയാണ് ഏലിയ. ഏലിയായുടെ വിശ്വാസപ്രതിസന്ധികളിലും വിഷാദപര്‍വ്വങ്ങളിലും ദൈവം ഇടപെടുന്നതായി നാം കാണുന്നു.

    ദൈവത്തോട് അനുസരണക്കേട് കാണിച്ച് ഓടിപ്പോയവനാണ് ജോനാ പ്രവാചകന്‍. പക്ഷേ ദൈവത്തിന്റെ കരുണ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. എന്റെ ഹൃദയത്തിന് ഇണങ്ങിയവന്‍ എന്ന് ദൈവംസാക്ഷ്യപ്പെടുത്തിയവനായിരുന്നു ദാവീദ്.പക്ഷേ ദാവീദ് പരസ്ത്രീബന്ധം പുലര്‍ത്തി, കൊലപാതകം വരെ ചെയ്തു. പക്ഷേ ദൈവം ദാവീദിനെ കൈവെടിഞ്ഞില്ല, അദ്ദേഹത്തെ സ്വന്തമാക്കി. എല്ലാ കുറവുകള്‍ക്കും മീതെ ജ്ഞാനിയായ മകനെ നല്കി ദൈവം അനുഗ്രഹിച്ചു.

    നോഹ മദ്യപാനിയായിരുന്നു. ഉടുവസ്ത്രം പോലും ഇല്ലാതെ കിടന്നവന്‍. പക്ഷേ ദൈവം നോഹയെയും ഉപേക്ഷിച്ചില്ല. പഴയ നിയമത്തിലെ യാക്കോബ് നുണയനും ചതിയനുമായിരുന്നു.

    ഇങ്ങനെ അനേകം ഉദാഹരണങ്ങള്‍ ബൈബിളിലുണ്ട്. ഇവിടെയെല്ലാം നാം മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. ഇവരെപ്പോലെയോ ഇവരെക്കാളുമോ പാപികളായിരിക്കാം നാം. എന്നാല്‍ നിരാശപ്പെടരുത്.

    നമ്മുടെ അവസ്ഥകളെ ദൈവത്തിന് സമര്‍പ്പിക്കുക. അവിടുത്തെ ഇടപെടലിന് വേണ്ടി കാത്തിരിക്കുക, പ്രാര്‍ത്ഥിക്കുക. സ്വന്ത ം തെറ്റുകളെ ഓര്‍ത്ത് പശ്ചാത്തപിക്കുക. ദൈവം നമ്മെ രക്ഷിക്കും. കാരണം അവിടുത്തേക്ക് രക്ഷിക്കാനല്ലാതെ ശിക്ഷിക്കാനറിയില്ല.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!