വത്തിക്കാന്‍ സിറ്റി: ധ്യാനം എല്ലാവരുടെയും ആവശ്യമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ധ്യാനിക്കുകയെന്നാല്‍ ജീവിതത്തില്‍ ശ്വാസമെടുക്കുന്നതിന് വേണ്ടി ഒന്നുനില്ക്കുന്നതിന് സമാനമാണ്. ലോകത്തിലെ എല്ലാ മതങ്ങളിലും ധ്യാനാഭ്യാസമുണ്ട്. ധ്യാനിക്കുക, ചിന്തിക്കുക, സ്വയം കണ്ടെത്തുക ഇത് നമുക്കെല്ലാവര്‍ക്കും ആവശ്യമായ കാര്യമാണ്. മാനുഷികമായ ചലനാത്മകതയാണ് ധ്യാനം.
എന്നാല്‍ ക്രിസ്തീയവിശ്വാസത്തില്‍ ധ്യാനം ഇതിനെല്ലാം അപ്പുറത്തേക്ക് പോകുന്നു. ദൈവവുമായുള്ള കണ്ടുമുട്ടലാണ് ക്രിസ്തീയമായ പ്രാര്‍ത്ഥന. ക്രിസ്തു വിദൂരസ്ഥനല്ല മറിച്ച് എല്ലായ്പ്പോഴും നമ്മോടുള്ള ബന്ധത്തിലാണ്. നമ്മുടെ രക്ഷയുടെയും സന്തോഷത്തിന്റെയും ഇടമായി മാറാന്‍ കഴിയാത്തതായ ഒരു വശവും യേശുവിന്റെ ദൈവമനുഷ്യഭാവത്തിനില്ല. നമ്മെ സംബന്ധിച്ചിടത്തോളം ധ്യാനം എന്നത് യേശുവിനെ കണ്ടുമുട്ടുന്നതിനുള്ള മാര്ഗ്ഗാമണ്.
നാം നമ്മെത്തന്നെ വീണ്ടും കണ്ടെത്തുകയാണ് അത്. യേശുവിന്റെ പക്കലേക്കുള്ള പോകലാണ് അത്. പ്രതിവാര പൊതുദര്ശനത്തില് സന്ദേശം നല്‍കുകയായിരുന്നു പാപ്പ.