കാബൂള്‍: താബിലാന് അധികാരം പിടിച്ചെടുത്തതോടെ അഫ്ഗാനിസ്ഥാനിലെ ക്രൈസ്തവരുടെ ഭയാശങ്കകള്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. ക്രൈസ്തവസമൂഹത്തിന് നേരെ ഉടന്‍ തന്നെ അവര്‍ ആക്രമണം ആരംഭിക്കുമോയെന്നാണ് അവര്‍ ആശങ്കപ്പെടുന്നത്. ക്രൈസ്തവമതപീഡനത്തെ ഭയത്തോടെയാണ് ക്രൈസ്തവനേതാക്കളും സംഘടനകളും കാണുന്നത്.
പുറത്തേക്കിറങ്ങാതെ വീടിനുളളില്‍ തന്നെ കഴിച്ചുകൂട്ടാനാണ് ഞങ്ങള്‍ ക്രൈസ്തവരോട് ആവശ്യപ്പെട്ടിരിക്കുന്നത്. അഫ്ഗാനിലെ ക്രൈസ്തവനേതാവിന്റെ വാക്കുകള്‍ കാത്തലിക് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. വക്താവിന്റെ പേര് സുരക്ഷാകാരണങ്ങളാല്‍ വെളിപെടുത്തിയിട്ടില്ല. അജ്ഞാതരുടെ ഫോണ്‍കോളുകള്‍ പല ക്രൈസ്തവര്‍ക്കും ഈ ദിവസങ്ങളില്‍ ലഭിച്ചതായും വാര്‍ത്തയുണ്ട്. ഞങ്ങള്‍ നിങ്ങളുടെ അടുക്കലേക്ക് വരുന്നു എന്നായിരുന്നു ഫോണ്‍സന്ദേശം. ഇത്തരം ഫോണ്‍സന്ദേശങ്ങള്‍ നിലവിലുളള ഭീതിക്ക് പുറമെ ഭയാശങ്കകള്‍ വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. അഫ്ഗാനിസ്ഥാനില്‍ 99 ശതമാനവും മുസ്ലീമുകളാണ്. അതില്‍ ഭൂരിപക്ഷവും സുന്നികളാണ്.
200 കത്തോലിക്കര്‍ മാത്രമേ ഇവിടെയുള്ളൂ. ആകെയുള്ള ക്രൈസ്തവപ്രാതിനിധ്യം പതിനായിരത്തിനും പന്ത്രണ്ടായിരത്തിനും ഇടയിലാണ്. അതില്‍ ഭൂരിപക്ഷവും മുസ്ലീം സമുദായത്തില്‍ നിന്ന് പരിവര്‍ത്തനം ചെയ്യപ്പെട്ടവരാണ്.ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നത് തീവ്രവാദികളുടെ കോപം ക്ഷണിച്ചുവരുത്തുന്ന ഏര്‍പ്പാടാണ്. അതുകൊണ്ടുതന്നെ ഇവിടെയുള്ള ക്രൈസ്തവര്‍ ഭീതിയിലാണ് കഴിഞ്ഞുകൂടുന്നത്.