അസത്യങ്ങള്‍ പ്രചരിപ്പിക്കുന്നവരോട്…

സത്യം ചിലപ്പോള്‍ വേദനാജനകമായിരിക്കും. ഉദാഹരണത്തിന് ഒരു രോഗവിവരം ഡോക്ടര്‍ തുറന്നുപറയുന്നത് രോഗിയെ സംബന്ധിച്ചിടത്തോളം വേദനാജനകവും വലിയൊരു ആഘാതവുമായിരിക്കും. പ്രത്യേകിച്ച് ഒരു മാറാരോഗമാണെങ്കില്‍. എന്നാല്‍ ചില കാര്യങ്ങള്‍ മറച്ചുവയ്ക്കുന്നതും തെറ്റായ വിവരം നല്കുന്നതും അതിനെക്കാള്‍ ഭീകരമാണ്. രോഗത്തെക്കുറിച്ച് തെറ്റായ വിവരം നല്കുന്നതിനെക്കുറിച്ച് ആലോചിച്ചുനോക്കുക. ഒരു തലവേദനയുമായി എത്തിയ രോഗിയോട് ഡോക്ടര്‍ പറയുന്നത് അദ്ദേഹത്തിന് ട്യൂമറാണ് എന്നാണെങ്കിലോ? തെറ്റിദ്ധാരണയും അബദ്ധജടിലവുമായ ആ പ്രസ്താവന രോഗിയെ എത്രയോ അധികമായിട്ടായിരിക്കും പ്രതികൂലമായി ബാധിക്കുക.

എന്താണ് പറഞ്ഞുവരുന്നത് എന്നല്ലേ, പറയാം. അസത്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ ചെയ്തുകൊണ്ടിരിക്കുന്നതും അതാണ്. അവര്‍ അസത്യപ്രചരണം നടത്തി അന്തരീക്ഷത്തെ മറ്റുള്ളവരുടെ മനസ്സുകളെ മലീമസമാക്കിക്കൊണ്ടിരിക്കുകയാണ്.. ആര്‍ക്കും എന്തും പറയാവുന്ന വലിയൊരു സാധ്യതയുടെ ലോകമാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍തുറന്നുതന്നിരിക്കുന്നത്. ശരിയോ തെറ്റോ എന്നു പോലും നോക്കാതെയാണ് അവ നാം ഫോര്‍വേഡ് ചെയ്തുകൊണ്ടിരിക്കുന്നത്. ചിലരാകട്ടെ വായിച്ചുപോലും നോക്കാതെയാണ് അപ്രകാരം ചെയ്യുന്നത്.
സോഷ്യല്‍ മീഡിയായില്‍ പ്രചരിക്കുന്നതെന്തും സത്യമെന്ന് കരുതി സ്വീകരിക്കരുത്. പല മായങ്ങളും പൊള്ളത്തരങ്ങളും അവിടെ നടക്കുന്നുണ്ട്. അനാവശ്യമായ കാര്യങ്ങള്‍ അവതരിപ്പിക്കുന്ന ഇത്തരം സന്ദേശങ്ങള്‍ ഫോര്‍വേഡുകളായി തള്ളാതിരിക്കുക.

സീറോ മലബാര്‍ സഭാ സിനഡ് തീരുമാനങ്ങളെക്കുറിച്ചുള്ള അസത്യപ്രചരണങ്ങള്‍ അവിടവിടെയായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണല്ലോ. പല വിഷയങ്ങളെക്കുറിച്ചും കൃത്രിമമായ രേഖകള്‍ ഉണ്ടാക്കി അത് പ്രചരിപ്പിക്കുന്ന രീതി ഇപ്പോള്‍ വ്യാപകമായിക്കഴിഞ്ഞു. അടുത്തയിടെ ഒരു വൈദികന്റെ പേരിലുള്ള ഓഡിയോ ക്ലിപ്പ് കേള്‍ക്കുകയുണ്ടായി .സഭയിലെ വിവാദവിഷയത്തെക്കുറിച്ച് അദ്ദേഹത്തിന്റേതായ പ്രതികരണം എന്ന രീതിയില്‍ പുറത്തുവന്നിരിക്കുന്ന ഓഡിയോ തന്റേതല്ലെന്നു വിശദീകരിച്ചുകൊണ്ടുള്ളതായിരുന്നു ആ ഓഡിയോ. ഇതുപോലെ പലപല സന്ദേശങ്ങളും നമുക്കിടയില്‍ പ്രചരിക്കുന്നുണ്ട്. ഇവിടെ നാം കുറെക്കൂടി ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു.

നുണ പിശാചാണ്. അസത്യം പ്രചരിപ്പിക്കുന്നവര്‍ സാത്താനോട് കൂട്ടുചേര്‍ന്നു നടക്കുന്നവരാണ്. നിങ്ങളുടെ ഉത്തരം എപ്പോഴും അതെയെന്നോ അല്ലായെന്നോ ആയിരിക്കട്ടെയെന്നാണ് ക്രിസ്തുവിന്റെ പ്രബോധനം. സത്യം നിങ്ങളെ സ്വതന്ത്രരാക്കും എന്നാണ് ക്രിസ്തു പറയുന്നത്.
അസത്യം പ്രചരിപ്പിക്കുന്നവരേ നിങ്ങള്‍ക്ക് എത്രകാലം ഇങ്ങനെ തുടരാന്‍ കഴിയും? . അസത്യം അസത്യം തന്നെയാണ്. അത് ആരു പ്രചരിപ്പിച്ചാലും. സത്യം എന്നും സത്യമായിരിക്കുകയും ചെയ്യും. അതൊരിക്കല്‍ മറ നീക്കി പുറത്തുവരികയും ചെയ്യും.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates