നിക്കോസ്യ: തിന്മയില്‍ നിന്ന് ഹൃദയത്തെ സ്വതന്ത്രമാക്കാന്‍ ക്രിസ്തുവിന് മാത്രമേ കഴിയൂ എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഹൃദയത്തിന് സൗഖ്യം നല്കാന്‍ ആര്‍ത്തിയോടെ കാത്തിരിക്കുന്ന ഒരു വൈദ്യനാണ് ക്രിസ്തു. സൈപ്രസ് സന്ദര്‍ശനത്തിന്റെ ഭാഗമായി നിക്കോസ്യ ജിഎസ്പി സ്റ്റേഡിയത്തില്‍ ദിവ്യബലി അര്‍പ്പിച്ച് സന്ദേശം നല്കുകയായിരുന്നു പാപ്പ. ക്രിസ്തു ഒരു ഭിഷ്വഗ്വരനാണ്. അവിടുന്ന് മാത്രമാണ് യഥാര്‍ത്ഥ വെളിച്ചം.
ഓരോ സ്ത്രീപുരുഷന്മാരെയും അവിടുന്ന് പ്രകാശിപ്പിക്കുന്നു. സമൃദ്ധമായ വെളിച്ചം അവിടുന്ന് നല്കുന്നു. ഹൃദയത്തിലെ തിന്മ അവിടുന്ന് അകറ്റുന്നു. ലൈവ് സ്ട്രീമിങ് വിശുദ്ധ കുര്‍ബാനയില്‍ പാപ്പ പറഞ്ഞു. ഓര്‍ത്തഡോക്‌സ ക്രൈസ്തവരാണ് ഇവിടെ കൂടുതലും. പതിനായിരത്തോളമാണ് കത്തോലിക്കാ പ്രാതിനിധ്യം.
വിശുദ്ധ മത്തായിയുടെ സുവിശേഷം 9: 27-31 ആസ്പദമാക്കിയായിരുന്നു പാപ്പായുടെ വചനവിചിന്തനം. അന്ധരെ സുഖപ്പെടുത്തിയ ഭാഗത്തെ ആസ്പദമാക്കി പാപ്പ പറഞ്ഞു, മൂന്നു കാര്യങ്ങളാണ് ഇവിടെ സംഭവിച്ചത്. സൗഖ്യത്തിന് വേണ്ടി അന്ധര്‍ ക്രിസ്തുവിനെ സമീപിച്ചു. രണ്ടാമത് അവിടെ വേദന പങ്കുവയ്ക്കപ്പെട്ടു. മൂന്നാമത് സന്തോഷത്തോടെ അവര്‍ സുവിശേഷം പ്രസംഗിച്ചു. നമുക്ക് നമ്മുടെ വേദനകള്‍ ക്രിസ്തുവുമായി പങ്കുവയ്ക്കാം. നമ്മുടെ ആവശ്യങ്ങള്‍ അവിടുത്തോട് പറയാം. പാപ്പ ഓര്‍മ്മിപ്പിച്ചു.