Saturday, November 2, 2024
spot_img
More

    ബെത്‌ലെഹേമിലെ നക്ഷത്രം അനുസരണത്തിന്റെ വഴി കാട്ടുമ്പോൾ



    രക്ഷകന്റെ നക്ഷത്രം തിരിച്ചറിഞ്ഞ വിദ്വാന്മാർ രക്ഷകനെ കണ്ടെത്താൻ നാടും വീടും കാടും വിട്ട്  നക്ഷത്രത്തെ പിൻതുടർന്നു.പക്ഷേ നമ്മളോ? സുവിശേഷത്തിന്റെ വെളിച്ചം നമുക്കായി വെളിവാക്കപ്പെട്ടിട്ട് എത്രയോ നാളുകളായി? നന്മയുടെയും നിത്യജീവന്റെയും മാർഗ്ഗം ഏതാണെന്ന് വ്യക്തമായി അറിഞ്ഞിട്ടും നാമതിനെ പിൻതുടരാൻ തയ്യറാകുന്നില്ല.രക്ഷകന്റെ പുൽക്കുടിലിലേക്ക് കടന്നുചെല്ലുവാൻ മനസ്സില്ലാതെ, ഹേറോദേസിന്റെ അരമനയ്ക്കു ചുറ്റും കണ്ണുനീരുമാത്രം നല്കുന്ന സന്തോഷങ്ങളുടെ ലഹരിയിൽ എത്രയൊ കാലമായി കറങ്ങുന്നു.

    സഭയെയും വിശ്വാസത്തെയും മനുഷ്യജീവനുകളെയും നശിപ്പിക്കുവാൻ ഒരുങ്ങുന്ന ആധുനിക ഹെറോദോസുമാരിൽ നിന്നും ലോകത്തെ  രക്ഷിക്കുവാൻ നാം പിന്തുടരേണ്ടത് ഉണ്ണിയേശുവിന്റെ മാത്രം നക്ഷത്രമാണ്.ജ്ഞാനികള്‍ വ്യത്യസ്ത രാജ്യങ്ങളില്‍നിന്ന് വന്നവരായിരിക്കാം.എന്നാലും അവര്‍ക്ക് ഒരു ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ.അവരെ നയിച്ചിരുന്നത് പരിശുദ്ധാത്മാവാണ്. അതിനാല്‍ അവര്‍ ഒരുമിച്ചുചേര്‍ന്നപ്പോള്‍ പരിശുദ്ധാത്മാവ് അവരുടെ ഭാഷയെ ഏകീകരിച്ചു എന്നുവേണം നാം മനസിലാക്കുവാന്‍.

     രക്ഷകനായ യേശുവിനെ അറിയുവാന്‍ ഹൃദയത്തില്‍ തീവ്രമായി ആഗ്രഹിക്കുന്ന വ്യക്തികള്‍ക്ക് ആവശ്യമായതെല്ലാം ദൈവത്തിന്റെ പരിശുദ്ധാത്മാവ് ഇന്നും എന്നും ഒരുക്കിക്കൊണ്ടിരിക്കുന്നു.ദൈവത്തിന്റെ ഈ പരിശുദ്ധാത്മാവ് നമ്മുടെ ഇടയിൽ നിന്ന് നഷ്ടപ്പെട്ടുക്കൊണ്ടിരിക്കുന്നു.ദൈവാന്വേഷണത്തില്‍,നമ്മുടെ ആത്മീയ ജീവിതത്തിൽ,ഭൗതിക ജീവിതത്തിൽ  സംഭവിക്കാവുന്ന ചില പാളിച്ചകളെക്കുറിച്ചും ജ്ഞാനികളുടെ യാത്ര നമ്മെ ഓര്‍മിപ്പിക്കുന്നുണ്ട്.

    ജ്ഞാനികൾ നക്ഷത്രത്തിന്റെ പിന്നാലെ നടന്ന് ജറുസലെമിലെത്തി.പിന്നെ നാം അവരെ കാണുന്നത് ഹേറോദേസ് രാജാവിന്റെ കൊട്ടാരത്തിലാണ്.ഏതായാലും നക്ഷത്രം അവരെ അങ്ങോട്ട് നയിച്ചിരിക്കുവാന്‍ ഇടയില്ല. ചില സമയങ്ങളിൽ അവര്‍ അവരുടെ ബുദ്ധി ഉപയോഗിച്ച് ചിന്തിച്ചിരിക്കണം.നക്ഷത്രത്തെ നോക്കുവാന്‍ മറന്നുപോയിക്കാണും.ദൈവം പിറക്കുന്നത് രാജകൊട്ടാരത്തില്‍ അല്ലേ? ഇങ്ങനെ ബുദ്ധികൊണ്ട് വിശകലനം ചെയ്ത അവര്‍ നക്ഷത്രം എങ്ങോട്ടാണ് പോയതെന്ന് നോക്കിക്കാണുകയില്ല. അല്ലെങ്കില്‍ നക്ഷത്രത്തിന്റെ കാഴ്ച അവര്‍ക്ക് താല്ക്കാലികമായി നഷ്ടപ്പെട്ടു.ഇന്ന് പലര്‍ക്കും സംഭവിക്കാവുന്ന ഒരു അബദ്ധമാണിത്.സംഭവിച്ചുക്കൊണ്ടിരിക്കുന്നതും ഇത് തന്നെയാണ്.  

    നമ്മളിൽ പലരും എല്ലാക്കാര്യങ്ങളും പരിശുദ്ധാത്മാവിനോട് ആലോചിച്ചും സന്ദേശങ്ങള്‍ സ്വീകരിച്ചും ചെയ്യും.എന്നാല്‍ ചിലപ്പോള്‍ പരിശുദ്ധാത്മാവിന്റെ പ്രചോദനങ്ങളെ മറന്ന് സ്വന്തം ബുദ്ധിയില്‍ ആശ്രയിച്ച് തീരുമാനങ്ങള്‍ എടുക്കും. ഫലമോ അപകടത്തില്‍ ചെന്ന് ചാടുന്നു. എത്തിപ്പെടുന്നത് ഹേറോദേസിന്റെ കൊട്ടാരത്തില്‍.എന്നാല്‍ ഇവിടെയും ഒരു ആശ്വാസമുണ്ട്. ആത്മാര്‍ത്ഥമായി യേശുവിനെ അന്വേഷിക്കുന്നവരുടെ ജീവിതത്തില്‍ ഒരു തെറ്റ് വന്നാലും തിരുത്തുവാന്‍ ദൈവം അവസരമൊരുക്കും.
    അങ്ങനെയാണ് ജ്ഞാനികൾക്ക് തങ്ങളുടെ യാത്ര തുടരാനായത്.

    അവര്‍ കൊട്ടാരത്തിന്റെ പുറത്ത് കടന്നു. അപ്പോള്‍ വീണ്ടും അവരുടെ മുമ്പില്‍ നക്ഷത്രം പ്രത്യക്ഷപ്പെട്ടു. ‘നക്ഷത്രം കണ്ടപ്പോള്‍ അവര്‍ അത്യധികം സന്തോഷിച്ചു എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്’.നഷ്ടപ്പെട്ട ദൈവാനുഭവം തിരിച്ചു കിട്ടിയതിന്റെ സന്തോഷം. ആ ആനന്ദം ദൈവം നമുക്കുവേണ്ടിയും ഒരുക്കിയിട്ടുണ്ട്. അതിനാല്‍ കഴിഞ്ഞ നാളുകളില്‍ ചെയ്ത അനുസരണക്കേടുകളെയോര്‍ത്ത് ദുഃഖിക്കേണ്ടാ.വീണ്ടും യേശുവിന്റെ പാതയിലേക്ക് വരുമ്പോള്‍ അവിടുന്ന് നമ്മെ നയിക്കും.

    സീറോ മലബാർ സഭയിലെ  കുർബാന ഏകീകരണത്തിന്റെ കാര്യത്തിലും സംഭവിക്കുന്നത് ഇത് തന്നെ. പരിശുദ്ധാത്മാവിന്റെ പ്രചോദനങ്ങളെ മറന്ന് സ്വന്തം ബുദ്ധിയില്‍ ആശ്രയിക്കുന്നവരാണ് തെറ്റിദ്ധരിക്കപ്പെട്ടു ഹേറോദോസിന്റെ പുതിയ കൊട്ടാരങ്ങൾ തേടി യാത്ര ചെയ്യുന്നത്.പല നിഷ്‌കളങ്കരായ വിശ്വാസികളെയും അവർ വഴി തെറ്റിക്കുന്നു.എല്ലാവർക്കും തിരിച്ചു വരാൻ സമയം ഉണ്ട്.

    ദൈവത്തിന്റെ പരിശുദ്ധാത്മാവ് നല്കിയ ശക്തമായ പ്രചോദനത്തെ ജ്ഞാനികൾ ഹൃദയത്തില്‍ സ്വീകരിച്ചു. അതിനാലാണ് വലിയ ബുദ്ധിമാന്മാരും വലിയ പദവിയിലുള്ളവരുമായ അവര്‍ക്ക് ആ ശിശുവിന്റെ മുമ്പില്‍ കുമ്പിട്ട് ആരാധിക്കുവാനുള്ള എളിമയും അനുസരണയും  ലഭിച്ചത്.ബുദ്ധിയുടെ പരിമിതി മനസിലാക്കുന്നവനാണ് യഥാര്‍ത്ഥ ജ്ഞാനി എന്ന് ആ ജ്ഞാനികള്‍ ഇന്ന് നമ്മോട് പറയുന്നു? നമ്മുടെ  ബുദ്ധികൊണ്ട് മനസിലാക്കാന്‍ പറ്റാത്ത കാര്യങ്ങള്‍ ഞാന്‍ വിശ്വസിക്കുകയില്ല എന്ന് നാം നിര്‍ബന്ധം പിടിക്കേണ്ട ആവശ്യമില്ലല്ലോ.സഭാ പണ്ഡിതർ തന്നെ ക്രിസ്തുവിന്റെ സഭയെ അനുസരിക്കാത്ത ദിനങ്ങൾ വന്നു കഴിഞ്ഞു.

    അവര്‍ കാലിത്തൊഴുത്തിൽ  പ്രവേശിച്ച് ശിശുവിനെ അമ്മയായ മറിയത്തോടുകൂടി കണ്ടു എന്ന വാക്യം ശ്രദ്ധേയമാണ്.ഇത് ഇന്ന് അനേകര്‍ക്കുള്ള ഒരു സന്ദേശമാണ്.സവിശേഷമായി വൈദികർക്കുള്ള  സന്ദേശം.  യേശുവിനെ കണ്ടെത്തുവാനുള്ള, യേശുവിനെ ദൈവമായി സ്വീകരിക്കുവാനുള്ള, ഏറ്റവും എളുപ്പവഴി  പരിശുദ്ധാത്മാവിനെ  തുറവിയോടെ സ്വീകരിക്കുകയെന്നതാണ്.ഇന്ന് നടക്കുന്ന അനുസരണം കൂടാതെയുള്ള ബലികൾ സ്വീകരിക്കപ്പെടുമോ?… ദൈവത്തിനു മാത്രം അറിയാം.തെറ്റുകൾ തിരുത്തുവാൻ സമയമുണ്ട്.ക്രിസ്മസ് കാലം അതായിരിക്കട്ടെ.  

    പരിശുദ്ധ കന്യക ക്രിസ്മസ് കാലത്ത്  ഈശോയുടെ അടുത്തേക്കാണ് നമ്മെ നയിക്കുന്നത്. പരിശുദ്ധ മാതാവിനെയും സഭയെയും  തള്ളിപ്പറയുന്നവരുടെ മുമ്പില്‍ ബെത്ലെഹേമിലെ  നക്ഷത്രം ഒരു ചോദ്യചിഹ്നമായി നിലകൊള്ളുന്നു. തിരുസഭാ മാതാവിനോട് ചേര്‍ന്നും നമുക്ക് ഇതിനെ മനസിലാക്കാം. നമ്മുടെ ദൈവത്തെക്കുറിച്ചുള്ള  അന്വേഷണങ്ങള്‍ സഭയോട് ചേര്‍ന്നാകുമ്പോള്‍ അത് സുരക്ഷിതവും ഫലപ്രദവും ലക്ഷ്യപ്രാപ്തിയില്‍ എത്തുന്നതുമായിരിക്കും.വഴി തെറ്റിക്കുന്നവരുടെ കൂടെ നടക്കരുതെന്ന് വി. ബൈബിൾ നമ്മെ ഓർമ്മിപ്പിക്കുന്നു.

    തിരുസഭയെ ഉപേക്ഷിച്ച് വ്യക്തിപരമായ സന്ദേശങ്ങള്‍ സ്വീകരിച്ച് ഹേറോദോസിന്റെ കൊട്ടാരം അന്വേഷിച്ചു പോകുന്നത് തികച്ചും അപകടകരംതന്നെ.കാലിത്തൊഴുത്തിന്‍റെ കാലൊച്ച അനുസരണത്തിന്‍റേതാണ്.പരി.മാതാവായ മറിയത്തിന്റെയും, യൗസേപ്പിതാവിന്റെയും, ആട്ടിടയരുടെയും,ജ്ഞാനികളുടെയും ദൈവസ്വരത്തോടുള്ള അനുസരണവും  സ്നേഹവും ബഹുമാനവും കാലിത്തൊഴുത്ത് നമ്മെ ഓർമ്മിപ്പിക്കുന്നു.

    മത്തായി 2:11 “ഹേറോദേസിന്റെ അടുത്തേക്കു മടങ്ങിപ്പോകരുതെന്ന് സ്വപ്നത്തില്‍ മുന്നറിയിപ്പു ലഭിച്ചതനുസരിച്ച് അവര്‍ മറ്റൊരു വഴിയേ സ്വദേശത്തേക്കു പോയി”.

    ടോണി ചിറ്റിലപ്പിള്ളി

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!