സീറോ മലബാര്‍ സഭയിലെ 98 ശതമാനം ദേവാലയങ്ങളിലും സിനഡ് അംഗീകരിച്ച ഏകീകൃത കുര്‍ബാന നിലവില്‍ വന്നപ്പോള്‍ അത് വിജയമാണെന്ന് വിലയിരുത്തപ്പെടുമ്പോഴും ആ വിജയത്തിന് പിന്നില്‍ ഒരാള്‍ സഹിച്ച കഠിനമായ സഹനങ്ങളും എതിര്‍പ്പുകളും അപമാനങ്ങളും ഉണ്ടായിരുന്നുവെന്ന് മറന്നുപോകരുത്. മറ്റാരുടേയുമല്ല സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടേതാണ് അത്.
തെരുവീഥികളിലേക്ക് ഇത്രയധികം വലിച്ചിഴയ്ക്കപ്പെടുകയും വൈദികരില്‍ നിന്ന് ഇത്രത്തോളം എതിര്‍പ്പുകള്‍ നേരിടുകയും ചെയ്ത മറ്റൊരു മതമേലധ്യക്ഷന്‍ ഉണ്ടോയെന്ന് സംശയമാണ്. കാരണം അത്രത്തോളം ആരോപണങ്ങളും എതിര്‍പ്പുകളും അപമാനങ്ങളുമാണ് അദ്ദേഹത്തിന് നേരിടേണ്ടിവന്നത്. എന്നാല്‍ അവയെല്ലാം അദ്ദേഹം സഹിക്കുകയായിരുന്നു. തനിക്കെതിരെ വന്ന ആരോപണങ്ങള്‍ ഉ്ന്നയിച്ചവരോടു പോലും അദ്ദേഹം ശത്രുത പുലര്‍ത്തിയില്ല. ക്രിസ്തീയ സാക്ഷ്യത്തിന്റെ മഹനീയമാതൃകയായി അദ്ദേഹം നിലകൊണ്ടു.
പരസ്യമായി വലിയ കോലാഹലങ്ങള്‍ക്കൊന്നും മാര്‍ ആലഞ്ചേരി പുറപ്പെടാറില്ല. അതുകൊണ്ടുതന്നെ എതിരാളികള്‍ അദ്ദേഹത്തെ ഭരണപരാജയമെന്ന് പ്രചരിപ്പിക്കാറുമുണ്ട്. പക്ഷേ അത്തരം ആരോപണങ്ങളെയെല്ലാം കാറ്റില്‍ പറത്തിയാണ് നിശ്ചയദാര്‍ഢ്യത്തോടെ ഏകീകൃത കുര്‍ബാന അദ്ദേഹം നടപ്പിലാക്കിയിരിക്കുന്നത്.
രണ്ടു പതിറ്റാണ്ട് പഴക്കമുണ്ട് സഭയിലെ ഏകീകൃതകുര്ബാനയെക്കുറിച്ചുള്ള സിനഡ് ചര്‍ച്ചകള്‍ക്ക്. പക്ഷേ അവയെ ഒരു പക്ഷം നിശിതമായി വിമര്‍ശിക്കുകയും എതിര്‍ക്കുകയും ചെയ്യുകയായിരുന്നു. അതുകൊണ്ടാണ് ഏകീകൃതകുര്‍ബാന നിലവില്‍ വരാന്‍ വൈകിയത്. മുന്‍ഗാമികള്‍ ശ്രമിച്ചു പരാജയപ്പെട്ടിടത്താണ് മാര്‍ ആലഞ്ചേരി സകല എതിര്‍പ്പുകളെയും മറികടന്നു സഭൈക്യത്തിനായി ഏകീകൃത കുര്‍ബാന നടപ്പിലാക്കിയത്.
എറണാകുളം-അങ്കമാലി, ഫരീദാബാദ്, ഇരിങ്ങാലക്കുട തുടങ്ങിയ രൂപതകളിലെ ഏതാനും ദേവാലയങ്ങളൊഴികെ സീറോമലബാര്‍ സഭയുടെ എല്ലാ ദേവാലയങ്ങളിലും സിനഡ് കുര്‍ബാനയാണ് അര്‍പ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. സിനഡ് കുര്‍ബാന ഒഴിവാക്കിക്കൊണ്ട് ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ സര്‍ക്കുലര്‍ ഇറക്കിയെങ്കിലും കഴിഞ്ഞയാഴ്ച അദ്ദേഹവും പരസ്യമായി സിനഡ് കുര്‍ബാനയാണ് അര്‍പ്പിച്ചത്. മാണ്ഡ്യരൂപതയില്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് ജനാഭിമുഖകുര്‍ബാന തുടരാന്‍ ശ്രമിച്ചുവെങ്കിലും പരാജയപ്പെടുകയാണ് ഉണ്ടായത്.
സഭൈക്യത്തിന് വേണ്ടി ധീരമായ നിലപാടെടുക്കുകയും തീരുമാനങ്ങളില്‍ വി്ട്ടുവീഴ്ചയില്ലാതെ നിലയുറപ്പിക്കുകയും അതിന് വേണ്ടി എല്ലാ സഹനങ്ങളും ഏറ്റെടുക്കുകയും ചെയ്ത കര്‍ദിനാള്‍ മാര്‍ജോര്‍ജ് ആലഞ്ചേരിക്ക് വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം. അദ്ദേഹത്തെ തുടര്‍ന്നും പിന്തുണയ്ക്കാം.
മരിയന്‍പത്രത്തിന്റെ ആശംസകള്‍.