ഇന്ന് ലോകമെങ്ങും ക്രൈസ്തവര്‍ പീഡിപ്പിക്കപ്പെട്ടുകൊണ്ടാണിരിക്കുന്നത്. മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തവിധത്തില്‍ ഇന്ത്യയിലും ക്രൈസ്തവര്‍ പീഡിപ്പിക്കപ്പെടുന്നുണ്ട്. ക്രൈസ്തവരെന്ന് പറയുമ്പോള്‍ അല്മായര്‍ എന്ന ഒരു വിഭാഗം മാത്രമല്ല സഭ ആകമാനമാണ്് പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. വിവിധ കത്തോലിക്കാസ്ഥാപനങ്ങള്‍ക്ക് നേരെ, വൈദികര്‍ക്കും സന്യാസിനികള്‍ക്കും നേരെ ഇങ്ങനെ പലവിധത്തിലുള്ള ആക്രമണങ്ങള്‍ക്ക് ക്രൈസ്തവര്‍ വിധേയരായിക്കൊണ്ടിരിക്കുന്നു.
എന്നാല്‍ ഇപ്രകാരം വേട്ടയാടപ്പെടുന്നവരില്‍ ഏറ്റവും മുമ്പന്തിയിലുള്ള ഒരു സന്യാസിനി സമൂഹം മിഷനറീസ് ഓഫ് ചാരിറ്റിയാണെന്ന് പല സംഭവങ്ങളും നമ്മുക്ക് പറഞ്ഞുതരുന്നുണ്ട്. ഏറ്റവും പുതുതായി പ്രസ്തുത സന്യാസസമൂഹത്തിന്‌റെ അക്കൗണ്ട് മരവിപ്പിച്ചതായ വാര്‍ത്തകള്‍ വരെ അത് എത്തിനില്ക്കുന്നു. ദത്തുകാര്യമായിരുന്നു അതിന് മുമ്പ് വിവാദമായത്.
എന്തുകൊണ്ടാണ് ഇപ്രകാരം പലവിധത്തില്‍ മിഷനറിസ് ഓഫ് ചാരിറ്റി വേട്ടയാടപ്പെടുന്നത്.
അതില്‍ പ്രധാനമായും മദര്‍ തെരേസയോടുള്ള അസഹിഷ്ണുതയാണ്. മദര്‍ തെരേസയോടുള്ള വെറുപ്പാണ്. പത്തോ പതിനഞ്ചോ വര്‍ഷങ്ങള്‍ക്കുള്ളില്‍ മദര്‍ തെരേസയോട് ചില രാഷ്ട്രീയ കക്ഷികള്‍ക്കും മതസംഘടനകള്‍ക്കും ഉടലെടുത്ത നിഷേധാത്മകമായ സമീപനവും കാഴ്ചപ്പാടുമാണ്.
ആധുനികയുഗത്തില്‍ മദറിനെപോലെ ഇത്തരക്കാരാല്‍ അപഹസിക്കപ്പെട്ട മറ്റൊരു പുണ്യജീവിതവുമില്ല എന്നോര്‍ക്കണം. ജീവിച്ചിരുന്നപ്പോള്‍തന്നെ മദര്‍ തെരേസയെ വിശുദ്ധയായി കണക്കാക്കിയിരുന്നവരാണ് ഭൂരിപക്ഷവും. ഭാരതീയരെന്നോ ക്രൈസ്തവരെന്നോ അതിന് വ്യത്യാസമുണ്ടായിരുന്നുമില്ല. പക്ഷേ ഇപ്പോള്‍ മദറിനെ അമ്മയുടെ പ്രവര്‍ത്തനങ്ങളുടെ പേരില്‍ വിമര്‍ശിക്കാന്‍ ചിലര്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നു. മാന്യതയ്ക്ക് നിരക്കാത്ത പല പ്രയോഗങ്ങളും അവര്‍ മദറിനെതിരെ ഉപയോഗിക്കുന്നു.
മദര്‍ തെരേസ ഒരിക്കലും മതപരിവര്‍ത്തനം നടത്തിയിരുന്നില്ല. ഹിന്ദുവിനെ കൂടുതല്‍ നല്ല ഹിന്ദുവും ക്രിസ്ത്യാനിയെ കൂടുതല്‍ നല്ല ക്രിസ്ത്യാനിയുമാക്കാനാണ് താന്‍ ശ്രമിച്ചത് എന്നായിരുന്നു മദറിന്റെ വാക്കുകള്‍ തന്നെ. എന്നിട്ടും മദര്‍ മതപരിവര്‍ത്തനം നടത്തിയെന്നായിരുന്നു ഇത്തരക്കാരുടെ ദുരാരോപണം.
പാവങ്ങളെ സേവിക്കുക എന്നതിനപ്പുറമുളള ഒരുതരത്തിലുള്ള ജാതിമത രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും മദര്‍ ചെയ്തിട്ടുമില്ല. ദരിദ്രരും പാര്‍ശ്വവലക്കരിക്കപ്പെട്ടവരുമായ ഒരു ജനസമൂഹത്തിന് വേണ്ടി ഇത്രയധികം സേവനം ചെയ്ത ഒരു വ്യക്തി ആധുനികയുഗത്തിലുണ്ടാവില്ല. ഈ നന്മകളെ തമസ്‌ക്കരിച്ചുകൊണ്ടാണ് മദറിനെ തേജോവധം ചെയ്യാന്‍ ചിലര്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നത്.
ഇത് അങ്ങേയറ്റം അപലപനീയമാണ്. ഭാരതത്തിലെയോ ലോകത്തിലെയോ പൊതുസമൂഹത്തിന് മദര്‍ തെരേസയെക്കുറിച്ചുളള കാഴ്ചപ്പാടുകളില്‍ മാറ്റം വന്നിട്ടില്ലെങ്കിലും വര്‍ഗ്ഗീയ വിഷം ചീറ്റുന്ന ചില സങ്കുചിതവിഭാഗങ്ങള്‍ക്കു മദറിനെക്കുറിച്ചുള്ള കാഴ്ചപ്പാടുകളില്‍ സംഭവിച്ച വൈകല്യമാണ് ഇന്ന് മിഷനറീസ് ഓഫ് ചാരിറ്റിയെ ഒന്നിന് പുറകെ ഒന്ന് എന്ന വിധത്തില്‍ അധികാരികള്‍ വേട്ടയാടുന്നതിന് കാരണം. ഇവിടെ മദര്‍ തെരേസയുടെ മാധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കുക മാത്രമേ നമുക്ക് ചെയ്യാനുളളൂ.
ക്രൈസ്തവരെ എങ്ങനെയും ഉന്മൂലനം ചെയ്യണം എന്ന് തീരുമാനിച്ചിറങ്ങിയിരിക്കുന്നവര്‍ക്ക് മാനസാന്തരം ഉണ്ടാകാന്‍വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം. ഒരു കാര്യം ഉറപ്പാണ് നാം നേരിട്ടുകൊണ്ടിരിക്കുന്നത് ഭയങ്കരമായ മതപീഡനം തന്നെയാണ്. ഇവിടെ ഒറ്റക്കെട്ടായി നിന്ന് പ്രാര്‍ത്ഥനയിലും പ്രവര്‍ത്തനങ്ങളിലും പങ്കെടുക്കുക മാത്രമാണ് നമുക്ക് ചെയ്യാനുളളത്. താരതമ്യേന അപ്രധാനമെന്ന് സാധാ വിശ്വാസിക്ക് തോന്നുന്ന പല കാര്യങ്ങളിലുംവിഘടിച്ചുനില്ക്കാതെ പൊതുശത്രുവെന്ന് കരുതുന്ന തിന്മയ്‌ക്കെതിരെ ഒരുമിച്ചുനില്ക്കാന്‍ നമുക്ക് കഴിയുന്നില്ലെങ്കില്‍ ശത്രു നമ്മെ ഇല്ലാതാക്കുമെന്ന് യാതൊരു സംശയവും വേണ്ട.