മാഡ്രിഡ്: നിക്കരാഗ്വപ്രസിഡന്‌റ് ഡാനിയേല്‍ ഓര്‍ട്ടെഗയുടെ സ്വേച്ഛാധിപത്യത്തിന്‍കീഴില്‍ ഞെരിഞ്ഞമരുന്ന രാജ്യത്തെ കത്തോലിക്കാസഭയോട് ഐകദാര്‍ഢ്യംപ്രഖ്യാപിച്ചുകൊണ്ട് സ്‌പെയ്‌നിലെ രണ്ട് അതിരൂപതകള്‍. സോഷ്യല്‍ മീഡിയായിലൂടെയാണ് അതിരൂപതകള്‍ നിക്കരാഗ്വയിലെകത്തോലിക്കാസഭയ്ക്കുളള പിന്തുണ അറിയിച്ചത്. ഗ്രാനഡാ,ടോളെഡോ രൂപതകളാണ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.
നിക്കരാഗ്വയില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മതപീഡനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.2014 മുതല്‍ നിക്കരാഗ്വയിലെ മെത്രാന്മാര്‍ പ്രസിഡന്റിന്റെ സ്വേച്ഛാധിപത്യത്തിനെതിരെ ശബ്ദിച്ചുകൊണ്ടിരിക്കുകയായിരുന്നു. 2018 മുതല്‍ക്കാണ് സഭയെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചുതുടങ്ങിയത്.
മനാഗ്വയിലെ സഹായമെത്രാന്‍ പ്രസിഡന്റിന്റെ വധഭീഷണിയെതുടര്‍ന്ന് അമേരിക്കയിലേക്ക് പലായനംചെയ്തിരിക്കുകയാണ്. മിഷനറിസ് ഓഫ് ചാരിറ്റിയെരാജ്യത്തിന് പുറത്താക്കിയതും മെത്രാനെ വീട്ടുതടങ്കിലാക്കിയതും അടുത്തയിടെയായിരുന്നു. തന്നെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ മെത്രാന്മാര്‍ ശ്രമിക്കുന്നുവെന്നതാണ് പ്രസിഡന്റിന്റെ ആരോപണം.