വത്തിക്കാന്‍ സിറ്റി: ഫാത്തിമായില്‍ മാതാവ് പ്രത്യക്ഷപ്പെട്ട സിസ്റ്റര്‍ ലൂസിയായുടെ നാമകരണനടപടികള്‍ പുരോഗമിക്കുന്നു. സിസ്റ്റര്‍ ലൂസിയായുടെ നാമകരണനടപടികള്‍ക്ക് നേതൃത്വം നല്കുന്ന പോസ്റ്റുലേറ്റര്‍ സിസ്റ്റര്‍ ലൂസിയായുമായി ബന്ധപ്പെട്ട സാക്ഷ്യങ്ങളും വീരോചിതപുണ്യങ്ങളെക്കുറിച്ചുള്ള വിവരങ്ങളും വിശുദ്ധരുടെനാമകരണ നടപടികളുടെ തിരുസംഘത്തിന് സമര്‍പ്പിച്ചതോടെയാണ് നാമകരണനടപടികളുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കാനായത്.
വീരോചിതപുണ്യങ്ങളെക്കുറിച്ചുള്ള നടപടിക്രമം പൂര്‍ത്തിയാകുമ്പോള്‍ ഫ്രാന്‍സിസ്മാര്‍പാപ്പ സിസ്റ്റര്‍ ലൂസിയായെ ധന്യപദവിയിലേക്കുയര്‍ത്തും. മാതാവ് പ്രത്യക്ഷപ്പെടുമ്പോള്‍ കൂട്ടത്തില്‍ഏറ്റവുംപ്രായമുളള വ്യക്തി ലൂസിയാ ആയിരുന്നു. മറ്റ് രണ്ട് ദര്‍ശകരായ ജസീന്തയെയും ഫ്രാന്‍സിസ്‌ക്കോയെയും 2017 ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധരായി ഉയര്‍ത്തിയിരുന്നു ഇരുവരും മരണമടയുമ്പോള്‍ യഥാക്രമം 10 ഉം 11 ഉം വയസായിരുന്നു. സഭാചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷികളല്ലാത്ത വിശുദ്ധരാണ് ഇവര്‍.
സിസ്റ്റര്‍ ലൂസിയ മരിക്കുമ്പോള്‍ 97 വയസായിരുന്നുപ്രായം. അവസാനത്തെ 50 വര്‍ഷക്കാലം പോര്‍ച്ചുഗല്ലിലെ കര്‍മ്മലീത്ത കോണ്‍വെന്റിലായിരുന്നു സിസ്റ്റര്‍ കഴിച്ചുകൂട്ടിയത്. മരണത്തിന് മൂന്നുവര്‍ഷങ്ങള്‍ക്ക് ശേഷം 2008 ലാണ് നാമകരണനടപടികള്‍ ആരംഭിച്ചത് സാധാരണ ഒരു വ്യക്തി മരിച്ച് അഞ്ചുവര്‍ഷം കഴിഞ്ഞുമാത്രമാണ് നാമകരണനടപടികള്‍ക്ക് തുടക്കം കുറിക്കുന്നത്.
എന്നാല്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ പ്രത്യേക അനുമതിപ്രകാരമാണ് ഇക്കാര്യത്തില്‍ ഭേദഗതി വരുത്തിയത്.