വത്തിക്കാന്‍ സിറ്റി: യുദ്ധം ദൈവനിന്ദയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. യുക്രെയ്ന്‍ യുദ്ധം ഉള്‍പ്പടെയുള്ള യൂറോപ്പിലെ സംഘര്‍ഷങ്ങളെ സൂചിപ്പിച്ചാണ് പാപ്പ ഈ പ്രസ്താവന നടത്തിയിരിക്കുന്നത്.
യുക്രെയ്‌നിലെ സമാധാനത്തെക്കുറിച്ചുള്ള ചാക്രികലേഖനം എന്ന പുസ്തകത്തിന് എഴുതിയ അവതാരികയിലാണ് പാപ്പയുടെ ഈ പ്രസ്താവന. ബുദ്ധിശൂന്യവും ദൈവനിന്ദാപരവുമായ യുക്രെയ്ന്‍ യുദ്ധത്തെ ധാര്‍മ്മികമായോ മതപരമായോ ന്യായീകരിക്കാന്‍ ക്രൈസ്തവര്‍ക്കാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
സമാധാനത്തിന്റെയും
സ്‌നേഹത്തിന്റെയും പ്രത്യാശയുടെയും ദൈവത്തെക്കുറിച്ച് പ്രഘോഷിക്കാനുള്ള കടമ ഉത്ഥിതന്റെ സുവിശേഷം പ്രസംഗിക്കുന്ന ക്രൈസ്തവര്‍ക്കുണ്ട്. മൃത്യുവിന്റെ പാതയാണ് യുദ്ധം. ജയിച്ചു എന്ന മിഥ്യാബോധമാണ് അതുണ്ടാക്കുന്നത്.
യുദ്ധത്തില്‍ പങ്കെടുക്കാത്തവരും യാതൊരു ഇടപടലും നടത്താതെ നിസ്സംഗതയോടെ നോക്കിനില്ക്കുന്നവരും ഉള്‍പ്പെടയുള്ള സകലരുടെയും പരാജയമാണ് യുദ്ധം.പാപ്പ വ്യക്തമാക്കി. സമാധാനത്തിന്റെ ശില്പികളാകുകയാണ് എല്ലാവരുടെയും കടമ. പാപ്പ ഓര്‍മ്മിപ്പിച്ചു.