വത്തിക്കാന്‍ സിറ്റി: നമുക്കാവശ്യം ഉപവിയുടെ ഭാഷ സംസാരിക്കുന്ന സഭയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഹംഗറി സന്ദര്‍ശത്തിന്‌റെ ഭാഗമായി ബുഡാപെസ്റ്റില്‍ വിശുദ്ധ എലിസബത്തിന്റെ നാമത്തിലുള്ള ദേവാലയത്തില്‍ വച്ച് അഭയാര്‍ത്ഥികളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു മാര്‍പാപ്പ.
ദരിദ്രരും ആവശ്യത്തിലിരിക്കുന്നവരും സുവിശേഷത്തിന്റെ ഹൃദയത്തില്‍ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. നാം പ്രഖ്യാപിക്കുന്ന വിശ്വാസം ജീവിതത്തില്‍ നിന്ന് അകന്നിരിക്കുന്ന ഒരു അനുഷ്ഠാനത്തിന്റെ തടവറയില്‍ആകരുത്. ഒരുതരം ആത്മീയ സ്വാര്‍ത്ഥതക്ക് നാം ഇരയാകരുത്. ദരിദ്രരുമായി കണ്ടുമുട്ടാന്‍ പ്രേരിപ്പിക്കുന്നതും ജീവകാരുണ്യത്തിന്റെ ഭാഷ സംസാരിക്കാന്‍ പ്രാപ്തമാക്കേണ്ടതുമാണ് യഥാര്‍ത്ഥവിശ്വാസം.
ഹംഗറിയിലെ വിശുദ്ധ എലിസബത്തിന്റെ ജീവിതത്തിലൂടെയും പാപ്പ കടന്നുപോയി. രാജാവിന്റെ മകളായ എലിസബത്ത് കൊട്ടാരത്തിലെ സുഖസൗകര്യങ്ങളില്‍ ജീവിച്ചുവരുമ്പോഴാണ് ക്രിസ്തുവുമായുള്ള കൂടിക്കാഴ്ച നടക്കുന്നതും അത് അവളെ സ്പര്‍ശിക്കുകയും രൂപാന്തരപ്പെടുത്തുകയും ചെയ്തത്.
പാവപ്പെട്ടവരും രോഗികളും വേദനയനുഭവിക്കുന്നവരുമായവരോടുളള അനുകമ്പയാണ് നമ്മോട് ആവശ്യപ്പെടുന്ന സാക്ഷ്യമെന്ന് വിശുദ്ധ ബ്രജീത്തിന്റെ ജീവിതത്തെ ഉദാഹരിച്ചുകൊണ്ട് പാപ്പ പറഞ്ഞു.
എപ്പോഴും സഭയിലും സമൂഹത്തിലും ഉപവിയുടെ സുഗന്ധവാഹകരാകാന്‍ നമുക്കു കഴിയട്ടെയെന്ന് ആശംസിച്ചുകൊണ്ടാണ് പാപ്പ വാക്കുകള്‍ അവസാനിപ്പിച്ചത്.
ഏപ്രില്‍ മുപ്പതിനാണ് പാപ്പയുടെ ഹംഗറി സന്ദര്‍ശനം അവസാനിച്ചത്.