വത്തിക്കാന്‍ സിറ്റി: ദൈവം എപ്പോഴും നമ്മുടെ അരികിലുണ്ടെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍. യേശുക്രിസ്തുവിന്റെ വാക്കുകളും അത്ഭുതങ്ങളും നമ്മെ ഓര്‍മ്മിപ്പിക്കുന്നത് ദൈവം ഒരിക്കലും നമ്മില്‍ നിന്ന് അകലെയല്ലെന്നും അവിടന്ന് എപ്പോഴും നമ്മുടെ കൂടെയുണ്ടെന്നുമാണ്.
മര്‍ക്കോസിന്റെ സുവിശേഷം 1: 29-39 വരെയുളള വചനഭാഗങ്ങളുടെ ധ്യാനചിന്തകള്‍ പങ്കുവയ്ക്കുകയായിരുന്നു പാപ്പ. സ്‌നേഹം കൊണ്ടു നിറഞ്ഞ പിതാവാണ് ദൈവം. അവിടുന്ന് നമ്മുടെ വീടുകള്‍ സന്ദര്‍ശിക്കുന്നു. നമ്മെ രക്ഷിക്കാനും മോചിപ്പിക്കാനും അവിടുന്ന് തയ്യാറാണ്. മനസ്സിന്റെയും ആത്മാവിന്റെയും രോഗങ്ങള്‍ ഭേദപ്പെടുത്തുന്നു.
ആര്‍ദ്രത , അനുകമ്പ, അടുപ്പം- ദൈവത്തിന്റെ മനോഭാവത്തെക്കുറിച്ച് സൂചിപ്പിക്കാനുള്ള മൂന്നുവാക്കുകളാണ് ഇവയെന്നും പാപ്പ പറഞ്ഞു. നമ്മുക്കൊപ്പം സഹയാത്രികനാകാനും അനുകമ്പയോടെ നമ്മോട് ക്ഷമിക്കാനും ദൈവം തയ്യാറാണെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.