വത്തിക്കാന്‍ സിറ്റി: ക്രൈസ്തവര്‍ സുവിശേഷം പ്രഘോഷിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നവരാണെന്നും പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍ അത് നിര്‍വഹിക്കണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. കാറ്റിന്റെയും അഗ്നിയുടെയും രൂപത്തില്‍ പരിശുദ്ധാത്മാവ് നമ്മില്‍ ശക്തമായി പ്രവര്‍ത്തിക്കുന്നു. അതെല്ലാവരെയും സ്വീകരിക്കുന്നു. എല്ലാവരോടും സുവിശേഷം പ്രഘോഷിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നവരാണ് നാം ഓരോരുത്തരും.
അതിന് നമ്മള്‍ പരിശുദ്ധാത്മാവിന് നന്ദി പറയണം. കാരണം അവിടുത്തെ ശക്തിയാലാണ് നാം സുവിശേഷം പ്രഘോഷിക്കുന്നത്. പെന്തക്കോസ്ത ദിനത്തില്‍ സന്ദേശം നല്കുകയായിരുന്നു മാര്‍പാപ്പ.
ഇത്തവണത്തെ പെന്തക്കോസ്ത ദിനത്തില്‍ ദിവ്യബലിയിലെ മുഖ്യകാര്‍മ്മികന്‍ കര്‍ദിനാള്‍ ആര്‍ഥര്‍ റോച്ചെയായിരുന്നു. അള്‍ത്താരയുടെ വലതുവശത്ത് വീല്‍ച്ചെയറിലിരുന്നുകൊണ്ടാണ് പാപ്പ സന്ദേശം നല്കിയത്. പാപകരമായ വികാരങ്ങളെ അതിജീവിക്കാനും പുണ്യങ്ങളില്‍ വളരാനും പരിശുദ്ധാത്മാവ് നമ്മെ സഹായിക്കുന്നത് എങ്ങനെയാണെന്നും പാപ്പ വിശദീകരിച്ചു.