കുടിയിറക്കുഭീഷണി നേരിടുന്ന മുനമ്പം നിവാസികള്‍ക്കു പിന്തുണയുമായി സീറോമലബാര്‍സഭ. വില കൊടുത്തു വാങ്ങി തങ്ങളുടെ പേരില്‍ നിയമപരമായി രജിസ്ട്രര്‍ ചെയ്ത് പതിറ്റാണ്ടുകളായി സ്വന്തമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കിടപ്പാടത്തിന്റെ നിയമപരമായി അവകാശങ്ങള്‍ക്കായി സമരം ചെയ്യുന്ന മുനമ്പം നിവാസികള്‍ക്ക് സീറോമലബാര്‍സഭ ഐകദാര്‍ഢ്യം പ്രഖ്യാപിച്ചു.
മുനമ്പം തീരദേശവാസികളുടെ നീതിക്കുവേണ്ടിയുള്ള നിലവിളി കേള്‍ക്കാനും അവരുടെ ന്യായമായഅവകാശങ്ങള്‍ പുന: സ്ഥാപിച്ചു നല്കാനും ഒരു നിയമവും തടസമാകരുതെന്നും കേരളമനസ്സാക്ഷിയെ വേദനിപ്പിക്കുന്നതും അനാവശ്യമായ സ്പര്‍ദ്ധയിലേക്കു നയിക്കുന്നതുമായ സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ രാഷ്ട്രീയപാര്‍ട്ടികളും ഭരണനേതൃത്വവും ജാഗ്രത പുലര്‍ത്തണമെന്നും സീറോമലബാര്‍സഭയുടെ പിആര്‍ഒ റവ. ഡോ. ആന്റണി വടക്കേക്കര ആവശ്യപ്പെട്ടു.
മുനമ്പം നിവാസികളുടെ നിരാഹാര സമരപ്പന്തലിലെത്തി അവരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ഫാ. വടക്കേക്കര.