കാക്കനാട്: സിവില്‍ കേസുകള്‍ നിലവിലുള്ള പള്ളികളിലുള്‍പ്പടെ ഞായറാഴ്ചകളില്‍ അര്‍പ്പിക്കപ്പെടുന്ന പതിവുകുര്‍ബാനകളില്‍ ഒരെണ്ണമെങ്കിലും ഏകീകൃതരീതിയില്‍ അര്‍പ്പിച്ചുകൊണ്ട് നമുക്ക് നോമ്പുകാലത്തിലേക്ക് പ്രവേശിക്കാമെന്ന് സീറോമലബാര്‍ സഭ മേജര്‍ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍. എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും അല്മായവിശ്വാസികള്‍ക്കുമായി എഴുതിയ സര്‍ക്കുലറിലാണ് മാര്‍ തട്ടില്‍ ഇപ്രകാരം എഴുതിയിരിക്കുന്നത്. സീറോമലബാര്‍സഭയുടെ സിനഡ് തീരുമാനിച്ചതും പൗരസ്ത്യസഭകള്‍ക്കായുള്ള കാര്യാലയം അംഗീകരിച്ചതും പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ നടപ്പിലാക്കാന്‍ ആവര്‍ത്തിച്ചു ആഹ്വാനം ചെയ്തതുമായ ഏകീകൃതരീതിയിലുള്ള വിശുദ്ധ കുര്‍ബാനയര്‍പ്പണം എന്ന തീരുമാനത്തില്‍ നിന്ന് മാറ്റംവരുത്താന്‍ നമുക്ക് ആര്‍ക്കും അവകാശമില്ലെന്നും സര്‍ക്കുലറില്‍ ഓര്‍മ്മിപ്പിച്ചിട്ടുണ്ട്.സഭയെ സ്‌നേഹിക്കുന്ന എല്ലാ ദൈവമക്കളും എറണാകുളം-അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വിചാരണ ചെയ്യുന്നത് അവസാനിപ്പിച്ചു പ്രാര്‍തഥനാപൂര്‍വ്വം ദൈവിക ഇടപെടലിനായി കൃപാപൂര്‍ണമായ മാധ്യമമൗനം പാലിക്കണമെന്നും മാര്‍ തട്ടില്‍ അഭ്യര്‍ത്ഥിച്ചു.