ചുമരില്‍ വരച്ച മാതാവിന്റെ ഈ ചിത്രം കണ്ണീര്‍ വാര്‍ത്തത് 1494 ല്‍ ആണെന്നാണ് ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത്. വിശ്വാസികള്‍ അവരുടെ വീടുകളുടെ ചുമരില്‍ മതപരമായ കലാസൃഷ്ടികള്‍ വരയ്ക്കുന്ന കാലമായിരുന്നു അത്. അതനുസരിച്ച് 1483 ഒക്ടോബര്‍ നാലിന് സാന്റില്ലിയുടെ വസതിയുടെ വടക്കുകിഴക്കന്‍ ഭിത്തിയില്‍ ഉണ്ണീശോയെ കൈയിലെടുത്തുപിടിച്ചുനില്ക്കുന്ന മാതാവിന്റെ ഒരു ചിത്രം വരച്ചിരുന്നു.
പരിശുദ്ധ കന്യകയുടെ ഇടതുവശത്തായി അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ ചിത്രവും വരച്ചിരുന്നു. ഈചിത്രം അസ്സീസിപുണ്യവാളന്റെ തിരുനാള്‍ദിനത്തിലാണ് പൂര്‍ത്തിയായത്. എന്നാല്‍ അത്ഭുതകരമെന്ന് പറയട്ടെ ഒരു ദിവസം മാതാവിന്റെ ഈ ചിത്രത്തില്‍ നിന്ന് ഫ്രാന്‍സിസിന്റെ ചിത്രം അപ്രത്യക്ഷമാകുകയും മാതാവിന്റെയും ഉണ്ണീശോയുടെയും ചിത്രം മാത്രം അവശേഷിക്കുകയും ചെയ്തു. ഈ സംഭവത്തിന് രണ്ടുവര്‍ഷങ്ങള്‍ക്കുശേഷം 1485 ഓഗസ്റ്റ് അഞ്ചാം തീയതി മാതാവിന്റെ കണ്ണുകളില്‍ നിന്ന് രക്തക്കണ്ണീര്‍ വീഴുന്നതായി ആളുകള്‍ കണ്ടു. മുന്‍സിപ്പാലിറ്റിയുടെ പല രേഖകളും ഇത് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വാര്‍ത്ത പരക്കാന്‍ തെല്ലും സമയമെടുത്തില്ല.
യുദ്ധത്തിന്റെയും മഹാമാരിയുടെയും വര്‍ഷങ്ങളായിരുന്നു അത്. ഈ സംഭവം ആളുകള്‍ക്ക് പ്രതീക്ഷ നല്കി. തങ്ങളുടെ ദൗര്‍ഭാഗ്യങ്ങള്‍ അകലുന്നതായി അവര്‍ക്കുതോന്നി. പലതരം രോഗശാന്തികളും അത്ഭുതങ്ങളും അവിടെയുണ്ടായി. എന്തുകൊണ്ടാണ് മാതാവിന്റെ രൂപം കരയുന്നതെന്ന് അനേകം ആളുകള്‍ സംശയിച്ചു. ആളുകളോടുള്ള മാതാവിന്റെ സഹതാപമാണ് ഇതിന് കാരണമെന്ന് എല്ലാവരും വിശ്വസിച്ചു. ആളുകളുടെ ബാഹുല്യംനിമിത്തം ഒരു ഓഗസ്റ്റ് 17 ന് ചെറിയ ചാപ്പല്‍ പണിതു. അവിടെ കുര്‍ബാനയര്‍പ്പിച്ചു. പിന്നീട് വലിയ തോതില്‍ പള്ളിനിര്‍മ്മാണം നടക്കുകയും ഒടുവില്‍ബസിലിക്കയായിത്തീരുകയും ചെയ്തു. മാതാവിന്റെയും ഉണ്ണീശോയുടെയും കരയുന്ന ചിത്രം ഭിത്തിയില്‍ നിന്ന് അടര്‍ത്തിമാറ്റി ബസിലക്കയ്ക്ക് ഉള്ളിലേക്ക് മാറ്റിപ്രതിഷ്ഠിച്ചു. പെറുഗിനോയുടെയും ജിയോവാന്നിയുടെയും പ്രശസ്തമായ ചിത്രങ്ങള്‍ ഈ ദേവാലയത്തിലുണ്ട്.