വിശുദ്ധ അലക്‌സിസ് റോമിലെ പ്രമുഖ സെനറ്റര്‍ എവുഫിമിയാന്റെ മകനായിരുന്നു, അല്‍ഗാസ് എന്നായിരുന്നു അമ്മയുടെ പേര്. ഈ ദമ്പതികള്‍ക്ക് വിവാഹം കഴിഞ്ഞ് ഏറെ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കുട്ടികളുണ്ടായിരുന്നില്ല. തികഞ്ഞ കത്തോലിക്കരായിരുന്ന ഇവരുടെ പ്രാര്‍ത്ഥനയുടെ ഫലമായിട്ടാണ് അലക്‌സിസ് ജനിച്ചത്.
നാലാം നൂറ്റാണ്ടില്‍ റോമില്‍ ജീവിച്ച അലക്‌സിസിന് നല്ല വിദ്യാഭ്യാസം മാതാപിതാക്കള്‍ നല്കിയിരുന്നു. അതോടൊപ്പം തങ്ങള്‍ക്ക് ദൈവം സമ്പത്ത് നല്കിയത് പാവങ്ങളെ ശുശ്രൂഷിക്കാനായിരുന്നുവെന്നും അവര്‍ മകന് പറഞ്ഞുകൊടുത്തിരുന്നു. കാലം കടന്നുപോയി. മകന് നല്ലൊരു പെണ്‍കുട്ടിയെ കണ്ടെത്തി വിവാഹം ചെയ്തുകൊടുക്കാന്‍ മാതാപിതാക്കള്‍ തിരക്കിട്ട് ആലോചനയായി. പക്ഷേ തനിക്ക് വിവാഹം വേണ്ടെന്ന നിലപാടായിരുന്നു അല്ക്‌സിസിന്.
തന്റെ ജീവിതം ദൈവത്തിന് സമര്‍പ്പിച്ചുവെന്നായിരുന്നു അവന്റെ മറുപടി. എങ്കിലും മാതാപിതാക്കളുടെ ആഗ്രഹത്തെ പ്രതി വിവാഹിതനായി. പക്ഷേ ചടങ്ങുകഴിഞ്ഞപ്പോള്‍ ദൈവികപ്രചോദനത്താല്‍ വിവാഹമോതിരം ഊരി വധുവിന് കൊടുത്ത് രഹസ്യമായി സിറിയായിലേക്ക് കപ്പല്‍കയറി. ഏദേസയിലാണ് അലക്‌സിസ് എത്തിച്ചേര്‍ന്നത്. വളരെ സമ്പന്നനായ അദ്ദേഹം അവിടെ യാചകജീവിതം ആരംഭിച്ചു. മാതാവിന്റെ നാമത്തിലുള്ള ദേവാലയത്തിന്റെ പ്രവേശനകവാടത്തിലിരുന്നാണ് ഭിക്ഷ യാചിച്ചിരുന്നത്. മകന്റെ ഒളിച്ചോട്ടത്തിന്റെ കാരണങ്ങളറിയാത്ത മാതാപിതാക്കള്‍ അവനെ അന്വേഷിച്ചുകൊണ്ടിരുന്നു. ഓരോ ദിവസവും മാതാവിന്റെ ചിത്രത്തിന് മുമ്പിലെത്തി പ്രാര്‍ത്ഥിച്ചതിനുശേഷമായിരുന്നു അലക്‌സിസ് ഭിക്ഷതെണ്ടാന്‍ പോയിരുന്നത്. ഈ സമയത്ത് രോഗികളെ ശുശ്രൂഷിക്കാനും സമയം കണ്ടെത്തി. തന്റെ പേരോ നാടോ അദ്ദേഹം വെളിപെടുത്തിയിരുന്നില്ല. കപ്യാരുമായുള്ള സംസാരത്തിനിടയില്‍ ഒരിക്കല്‍ അയാള്‍ക്ക് മനസ്സിലായി വെറുമൊരു യാചകനല്ല അലക്‌സിസ് എന്നും അദ്ദേഹം ഒരു ദൈവമനുഷ്യനാണെന്ന് തിരിച്ചറിയുകയും ചെയ്തു. ടാറസിലേക്ക് കപ്പല്‍ കയറിയ അദ്ദേഹം കൊടുങ്കാറ്റില്‍ പെട്ട് ഇറ്റാലിയന്‍ തീരത്താണ് എത്തിയത്. അതൊരു ദൈവികപദ്ധതിയുടെ ഭാഗമായിരുന്നു. തന്റെ കുട്ടിക്കാലഭവനം സ്ഥിതി ചെയ്തിരുന്ന അവെന്റെന്‍ കുന്നിലേക്കാണ് അദ്ദേഹം പോയത്. അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ അപ്പോഴും ജീവിച്ചിരിപ്പുണ്ടായിരുന്നു. എന്നാല്‍ യാചകവേഷത്തില്‍ തങ്ങളുടെ വീട്ടില്‍ ഭിക്ഷയാചിച്ചുവന്ന അദ്ദേഹത്തെ അവര്‍ തിരിച്ചറിഞ്ഞിരുന്നില്ല. സ്വന്തം വീടിന്റെ കോവണിച്ചുവട്ടില്‍ പതിനേഴു വര്‍ഷത്തോളം യാചകനായിതിരിച്ചറിയപ്പെടാതെ അലക്‌സിസ് ജീവിച്ചു. അദ്ദേഹം മരിച്ചപ്പോള്‍ പള്ളിമണികള്‍ താനേ മുഴങ്ങി, ആ ദൈവമനുഷ്യനെ പോയി കാണുക എന്ന അജ്ഞാതസ്വരം കേട്ടതിനെതുടര്‍ന്ന് പോപ്പ് ഇന്നസെന്റ് ഒന്നാമനും അതേ സ്വരം കേട്ട റോമന്‍ചക്രവര്‍ത്തിയും അലക്‌സിസിനെ അന്വേഷിച്ചെത്തിയപ്പോഴാണ് കോവണിപ്പടികള്‍ക്ക് താഴെ അദ്ദേഹത്തെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ദൈവനിര്‍ദ്ദേശപ്രകാരം അലക്‌സിസ് കുറിച്ചുവച്ച തന്റെ ജീവിതരേഖ പിന്നീട് മറ്റുള്ളവര്‍ കാണുകയും അതുവഴിയായി അദ്ദേഹത്തിന്റെ വ്യക്തിത്വം തിരിച്ചറിയുകയുംചെയ്തു. ഈ സത്യം അലക്‌സിസിന്റെ മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം വളരെ ഹൃദയഭേദകമായിരുന്നു. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ അടക്കം ചെയ്ത അലക്‌സിസിന്റെ ഭൗതികാവശിഷ്ടം പിന്നീട് റോമിലെ സെന്റ് ബോണിഫസ് ദേവാലയത്തിലേക്ക് കൊണ്ടുവന്നു അല്കസിയന്‍ ബ്രദേഴ്‌സിന്റെ റോള്‍മോഡലായ അദ്ദേഹം തീര്‍ത്ഥാടകരുടെയും യാചകരുടെയും പ്രത്യേക മധ്യസ്ഥനാണ്. ജൂലൈ പതിനേഴിന് വിശുദ്ധന്റെ തിരുനാള്‍ ആഘോഷിക്കുന്നു.