ന്യൂയോര്‍ക്ക് സിറ്റി: ഇന്ന് ഒരൊറ്റ സ്വരത്തില്‍ വ്യക്തമായി ലോകത്തിലെ എല്ലാ രാജ്യങ്ങളോടുമായി അമേരിക്ക പറയുന്നു, വിശ്വാസത്തിന്റെ പേരില്‍ വ്യക്തികള്‍ക്ക് നേരെയുള്ള കുറ്റകൃത്യങ്ങള്‍ അവസാനിപ്പിക്കുക, ലോകമെങ്ങുമുള്ള മതപീഡനങ്ങള്‍ക്ക് അന്ത്യം കുറിക്കുക. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റേതാണ് ഈ വാക്കുകള്‍. ന്യൂയോര്‍ക്കില്‍ നടന്ന യുണൈറ്റ് നേഷന്‍സ് ജനറല്‍ അസംബ്ലിയുടെ മതസ്വാതന്ത്ര്യത്തിന് വേണ്ടിയും മതപീഡനങ്ങള്‍ക്ക് എതിരെയുമുള്ള സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള ആക്രമങ്ങളോടു ഒരുതരത്തിലും സഹിഷ്ണുത പുലര്‍ത്താനാവില്ല. സമൂഹത്തില്‍ പടര്‍ന്നുപിടിച്ചിരിക്കുന്ന മതപരമായ അസഹിഷ്ണുതകളെ ഒഴിവാക്കാന്‍ നമുക്ക് ആവശ്യമായതെല്ലാം ചെയ്യാന്‍ കഴിയും. ട്രംപ് വ്യക്തമാക്കി. യുഎന്‍ ജനറല്‍ അസംബ്ലിയുടെ മീറ്റിംങിലെ 74 ാമത് സെഷനിലായിരുന്നു അദ്ദേഹം സംസാരിച്ചത്.
മതസ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള ആഗോള ശ്രമങ്ങളെയും ട്രംപ് പ്രശംസിച്ചു. ഓരോ ദിവസവും 11 ക്രൈസ്തവര്‍ വിശ്വാസത്തിന് വേണ്ടി കൊല ചെയ്യപ്പെടുന്നതായിട്ടാണ് ഏകദേശ കണക്ക്. ഇതേക്കുറിച്ച് നമുക്ക് ചിന്തിക്കാന്‍ കഴിയുമോ. മതപീഡനത്തിന്റെ പേരില്‍ നടക്കുന്ന ആക്രമണങ്ങള്‍ മുഴുവന്‍ മനുഷ്യവംശത്തിന്റെയും മുറിവുകളാണ്. അദ്ദേഹം വ്യക്തമാക്കി.